
തിരുവനന്തപുരം: ദമ്പതിമാർ സഞ്ചരിച്ച കാറുൾപ്പെടെ നഗരത്തിൽ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു കാറുകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. വ്യാഴാഴ്ച രാവിലെയും രാത്രിയുമായാണ് കാറുകൾക്ക് തീപിടിച്ചത്. രാവിലെ 8.20ന് വെൺപാലവട്ടത്തുള്ള റെന്റ് എ കാർ ഇടപാട് നടത്തുന്ന മാരുതി ട്രൂവാല്യു ഷോപ്പിനുള്ളിലാണ് ആദ്യ തീപിടിത്തമുണ്ടായത്. ഇവിടെ വാടകയ്ക്കായി എടുത്ത് ഓട്ടം കഴിഞ്ഞ് തിരികെ കൊണ്ടിട്ട മാരുതി സ്വിഫ്റ്റ് കാറാണ് പൂർണമായും കത്തിയമർന്നത്. വൈകിട്ട് 7.20ന് ചാക്കയിൽ നിന്ന് കോവളം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ,രാജേശ്വരി ദമ്പതിമാർ സഞ്ചരിച്ചിരുന്ന മറ്റൊരു കാറാണ് കത്തിയത്. ചാക്ക ബൈപ്പാസ് റോഡിലൂടെ വരുന്ന വഴിയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ വൻഅപകടം ഒഴിവായി. നാട്ടുകാർ ഓടിക്കൂടി സമീപത്തെ ഫയർ എക്സ്റ്രിംഗുഷറുകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കവെ കാർ ആളിക്കത്തി. ഈ സമയം പേട്ട-ആനയറ റൂട്ടിൽ വൻ ട്രാഫിക് കുരുക്കായതിനാൽ അടുത്തുള്ള ചാക്ക ഫയർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്കെത്താൻ സാധിക്കാതെ വന്നതിനാൽ വിഴഞ്ഞത്തെ ഫയർ സ്റ്രേഷൻ അധികൃതരെത്തിയാണ് തീയണച്ചത്. ഈ കാറും പൂർണമായും കത്തി.