വിതുര: പുതുവർഷത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി പൊൻമുടി. പ്രത്യേക ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെങ്കിലും ഇക്കുറിയും ന്യൂഇയർ പൊടിപൂരമാക്കാൻ സഞ്ചാരികൾ ഒഴുകിയെത്താനാണ് സാദ്ധ്യത. കഴിഞ്ഞ തവണ പ്രതികൂല കാലാവസ്ഥയായിട്ടും പതിനായിരങ്ങളാണ് പൊൻമുടിയിലെത്തിയത്. വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിച്ചു. കനത്തമഴയെ തുടർന്ന് 12തവണയായി ദിവസങ്ങളോളം ഈ വർഷം പൊൻമുടി അടച്ചിട്ടിരുന്നു. ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ക്രിസ്മസ് ദിനത്തിൽ ആയിരങ്ങളാണ് പൊൻമുടിയിലെത്തിയത്. ഈ വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്മസ് ദിനത്തിലുണ്ടായിരുന്നത്. അപ്പർസാനിറ്റോറിയവും പരിസരവും വാഹനങ്ങളാൽ നിറഞ്ഞു. ക്രിസ്മസിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. മികച്ച വരുമാനമവും ലഭിച്ചു. എന്നാൽ സഞ്ചാരികൾ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടി.മൂന്ന് കിലോമീറ്റർ വാഹനങ്ങളുടെ നീണ്ടനിരയാൽ പൊൻമുടി വീർപ്പുമുട്ടി.

വേണം കൂടുതൽ സർവീസ്

ക്രിസ്മസ് അവധിക്കാലം ആരംഭിച്ചതോടെ വിതുര മേഖലയിലെ ബോണക്കാട്, കല്ലാർ, പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്കേറിവരികയാണ്. ന്യൂ ഇയർ വരെ തിരക്ക് തുടരും. പൊൻമുടി റൂട്ടിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി. സി കൂടുതൽ സർവീസുകൾ അയയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ക്രിസ്മസിന് കല്ലാർ റൂട്ടിലെ ഗതാഗത കുരുക്ക് വിതുര വരെ നീണ്ടു. പൊൻമുടി പൊലീസും വനംവകുപ്പും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്.ഏറെ വൈകിയും ബസ് കിട്ടാതെ പൊൻമുടിയിൽ കുടുങ്ങിയ സഞ്ചാരികളെ രാത്രിയോടെ ഡിപ്പോയിൽ നിന്നും ബസ് അയച്ച് നെടുമങ്ങാട് എത്തിക്കുകയായിരുന്നു.

ഉദ്ഘാടനം ജനുവരിയിൽ

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊൻമുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിന് സമീപത്തായി നവീകരിച്ച റെസ്റ്റ് ഹൗസിന്റേയും​ പുതുതായി ആരംഭിക്കുന്ന കഫറ്റേരിയയുടെയും ഉദ്ഘാടനം ജനുവരിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.