
യേശുവും ഗുരുവും ദൈവികതയുടെ നിറകുംഭങ്ങളാണ്. യേശുവിന്റെയും ഗുരുദേവന്റെയും ദൈവികത വെളിപ്പെടുന്ന ഒട്ടേറെ സന്ദർഭങ്ങൾ അവരുടെ ജീവിതത്തിലുടനീളമുണ്ട്. ഇത്തരം സംഭവങ്ങളെ നമ്മുടെ ബുദ്ധിയും ഭാഷയും വച്ചുകൊണ്ടുമാത്രം വിശകലനം ചെയ്യുവാൻ കഴിയുകയില്ല. അശാന്തിയുണ്ടാകുമ്പോൾ ശാന്തിയായും ഭയമുണ്ടാകുമ്പോൾ അഭയമായും നിരാശയുണ്ടാകുമ്പോൾ പ്രത്യാശയായും അപായമുണ്ടാകുമ്പോൾ ഉപായമായും വിശ്വാസികളുടെ ഹൃദയത്തിലും ജീവിതത്തിലും വാസമുറപ്പിച്ചവരായിരുന്നു യേശുദേവനും ഗുരുദേവനും . ധർമ്മത്തെ വിട്ടൊരു തലം ഗുരുവിന്റെ വാക്കിലോ വിചാരത്തിലോ പ്രവൃത്തിയിലോ ഉണ്ടായിരുന്നില്ല. അനാചാരത്തിലും അന്ധവിശ്വാസത്തിലും മുഴുകി മാനവികതയുടെ പിന്നാമ്പുറത്ത് അജ്ഞതയിലാണ്ട് ജീവിക്കേണ്ടി വന്നവർക്ക് നടുവിലായിരുന്നു ഇരു മഹാത്മാക്കളുടെയും ജീവിതം. യേശുവിന് സമാനമായൊരു ചരിത്രപശ്ചാത്തലമാണ് ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും അടയാളപ്പെടുത്തുന്നത്. മറ്റെല്ലാ തപസ്വികളും ആത്മനിർവൃതിയോടെ വ്യക്തിയിൽ നിന്ന് സ്വത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ ഗുരു സ്വത്വത്തിൽ നിന്ന് ലോകസേവയിലേക്ക് ഉയർന്നു. ഇതാണ് ഭഗവാൻ ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത് . ലോകം ഏക മനസോടെ സഹോദര്യത്തോടെ നിലകൊള്ളണമെന്ന ഗുരുവചനമാണ് നമ്മെ നയിക്കുന്നത്. ഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് ലോക പ്രസക്തി വർദ്ധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ വത്തിക്കാൻ ലോകമതപാർലമെന്റ് ലോകത്തിന് മുന്നിൽ വച്ചത് മഹത്തായ ഗുരുദർശനം തന്നെയാണ് . ശ്രീനാരായണ ഗുരുദേവന്റെ തിരുഅവതാരം കൊണ്ട് ജാതിഭേദത്തെ ദൂരീകരിക്കാനും രാജ്യത്തെ തീർത്ഥാലയമാക്കാനും കഴിഞ്ഞെങ്കിലും ജാതിഭേദത്തിന്റെ അവശിഷ്ടങ്ങൾ പലയിടങ്ങളിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് ഉത്കണ്ഠ ഉളവാക്കുന്നതാണ്.ഗുരുദേവൻ ലോകസമാധാനത്തിന്റെ പ്രവാചകനാണ്. ഏകലോകവ്യവസ്ഥിതിയാണ് ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനതത്വം. സമഗ്രമായ ഒരു വിശ്വമാനവിക ദർശനത്തിന്റെ ആധികാരിക പിൻബലത്തിൽ രൂപംകൊണ്ട മഹത്തായൊരു നവോത്ഥാന പ്രസ്ഥാനമാണ് ശിവഗിരി തീർത്ഥാടനം. ജാതിക്കും മതത്തിനും അതീതമായി ഒരു മനസായാണ് ജനങ്ങൾ ശിവഗിരിയിലേക്ക് ഒഴുകുന്നത്. പാപങ്ങളെ നീക്കി പുണ്യം നേടി ഈശ്വരകാരുണ്യം സ്വാംശീകരിക്കുകയെന്ന വിശ്വാസത്തെ ഉൾക്കൊണ്ടും അതിനെ അനുവർത്തിച്ചും ഗുരുവിന്റെ തീർത്ഥാടന സങ്കല്പം നിലകൊള്ളുന്നു. ആത്മവിശ്വാസത്തിന്റെ അറിവും ജീവിത പുരോഗതിയും കൂടിയാണ് ശിവഗിരി തീർത്ഥാടനം. നമ്മുടെ ഓരോ പ്രവൃത്തിയിലും നമുക്ക് ഗുരുവിനെ സാക്ഷ്യപ്പെടുത്താൻ സാധിക്കട്ടെ. മഹാഗുരുവിന്റെ സന്നിധിയിലേക്ക് എല്ലാ തീർത്ഥാടകരെയും സാഹോദര്യബുദ്ധ്യാ സ്വാഗതം ചെയ്യുന്നു.
(തയ്യാറാക്കിയത് : സജി നായർ )