
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിനു മുന്നിലുള്ള തടസം നീങ്ങിയിരിക്കുകയാണ്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെയാണിത്. മനുഷ്യഹൃദയം അറിഞ്ഞുള്ള വിധിയെന്നാണ് റവന്യു മന്ത്രി കെ. രാജൻ ഹൈക്കോടതിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത് പൂർണമായും ശരിയാണ്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാർ സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിധി പ്രതികൂലമാണെങ്കിൽ എസ്റ്റേറ്റുടമകൾ നഷ്ടപരിഹാര തുക തിരികെ നൽകണമെന്ന വ്യവസ്ഥയോടെയാണ് എന്നതും എടുത്തു പറയേണ്ടതാണ്. സർക്കാർ നൽകുന്ന നഷ്ടപരിഹാരം തൃപ്‌തികരമല്ലെങ്കിൽ ഹർജിക്കാർക്ക് കേസിനു പോകാം. പക്ഷേ, അതൊന്നും ഭൂമി ഏറ്റെടുക്കുന്നതിനും ടൗൺഷിപ്പ് നിർമ്മിക്കുന്നതിനും തടസമാവില്ല.
ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഭൂമി അളന്നു തിരിക്കുന്ന നടപടികൾ സർക്കാരിന് ഏറ്റവും അടുത്ത ദിവസം തന്നെ സ്വീകരിക്കാമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട്. പ്രഥമദൃഷ്ട്യാ എസ്റ്റേറ്റ് ഉടമകളാണ് ഭൂമിയുടെ അവകാശികളെന്നു വിലയിരുത്തിയാണ് ഉത്തരവ്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും, കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമതടസങ്ങൾ മാറിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ സർവേ പൂർത്തിയാക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.പി.ആറും തയ്യാറാക്കാം. ഇതിനായി നോഡൽ ഓഫീസറെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
അഞ്ച്, പത്ത് സെന്റുകളിലായി 1000 ചതുരശ്ര അടി വീതം വിസ്‌തൃതിയുള്ള ആയിരം വീടുകളാണ് ഏറ്റെടുക്കുന്ന 143 ഏക്കർ ഭൂമിയിൽ നിർമ്മിക്കുക. ഒറ്റ ഘട്ടത്തിൽ ഇത് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ മികച്ച രീതിയിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുന്നതിൽ റെക്കാഡുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണ ചുമതല നൽകിയേക്കുമെന്നാണ് അറിയുന്നത്. ടൗൺഷിപ്പ് പൂർത്തിയാക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കും. നിരവധി സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമൊക്കെ അവിടെ പാർപ്പിടം വച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇവരുമായി മുഖ്യമന്ത്രി ജനുവരി ആദ്യവാരം ചർച്ച നടത്താനിരിക്കുകയാണ്. ഗുണഭോക്താക്കളുടെ കരടു ലിസ്റ്റിനെതിരെ വ്യാപക പരാതികൾ ഉയർന്നത് പരിഹരിച്ച് പുതിയ ലിസ്റ്റ് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം.
ടൗൺഷിപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ അതുൾപ്പെടെ വയനാടിന്റെ മറ്റു ഭാഗങ്ങളും കാണാൻ കൂട്ടത്തോടെ വീണ്ടും വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കാം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. അതിനാൽ ദുരന്ത മേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കൊപ്പം വയനാട്ടിലെ ടൂറിസം മേഖലയ്ക്കും സർക്കാർ വലിയ പരിഗണനയും പിന്തുണയും നൽകേണ്ടതുണ്ട്. വിനോദസഞ്ചാരം മെച്ചപ്പെട്ടാൽ മാത്രമേ വ്യാപാരം, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ നിർമ്മാണം, ഓട്ടോ - ടാക്സി മേഖലകൾക്കെല്ലാം പിടിച്ചുനിൽക്കാനാവൂ. ദുരന്തത്തിനിരയായവരെ സഹായിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും സമ്പന്നരുമെല്ലാം ഒന്നിച്ചുനിന്നത് കേരളത്തിന്റെ മഹിമ വിളിച്ചോതുന്നതായിരുന്നു. തകർച്ചയിൽ നിന്നുള്ള വയനാടിന്റെ പൂർണമായ ഉയിർത്തെഴുന്നേൽപ്പ് സാദ്ധ്യമാകുന്നതുവരെ ഈ ഒന്നിച്ചുനിൽക്കൽ തുടരണം.