velamanoorgandhibhavan

പള്ളിക്കൽ: അശരണർക്ക് അഭയകേന്ദ്രമായി പള്ളിക്കൽ ഗ്രാമാതിർത്തിയായ വേളമാനൂരിലെ ഗാന്ധിഭവൻ സ്നേഹാശ്രമം.സമൂഹത്തിലെ നിരാലംബരായ അച്ഛനമ്മമാരാണ് ഇവിടുത്തെ അന്തേവാസികൾ.സ്നേഹാശ്രമത്തിലെ പ്രവർത്തനം ഒരുനാടിനുതന്നെ അഭിമാനമാണെന്ന് നാട്ടുകാർ പറയുന്നു.പത്തനാപുരം ഗാന്ധിഭവന്റെ ശാഖയായി 2019ൽ ആരംഭിച്ച സ്നേഹാശ്രമത്തിൽ ഇന്ന് 21 വയോധികരുണ്ട്.ഇവരെ പരിചരിക്കുന്നതിനായി റിട്ട.ഗവ.പോളിടെക്നിക് പ്രിൻസിപ്പൽ മാനേജരും സർക്കാർ ആശുപത്രികളിൽ 32 വർഷ സേവനപാരമ്പര്യമുള്ള നഴ്സും ഉൾപ്പെടെ ആറ് ജീവനക്കാരുമുണ്ട്.സ്നേഹാശ്രമത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പതിമൂന്നംഗ വികസനസമിതിയാണ്. കൃത്യമായ ഇടവേളകളിൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ സംഘം, കൊല്ലം പാലിയേറ്റീവ് വയോജന പരിചരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അച്ഛനമ്മമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി മെഡിക്കൽ ക്യാമ്പ് നടത്തും.

പ്രവേശനം ഇങ്ങനെ

ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള അഭ്യർത്ഥനയും പൊലീസ് സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ടും പ്രകാരമാണ് ഇവിടേയ്ക്ക് ഒരു അമ്മയെയും അച്ഛനെയും പ്രവേശിപ്പിക്കുന്നത്.കൂടാതെ ഗാന്ധിഭവൻ വികസനസമിതിയും അന്വേഷിച്ച് തികച്ചും നിരാലംബരെന്ന് ബോദ്ധ്യപ്പെട്ടാലെ പ്രവേശനത്തിന് അനുമതി നൽകു.പണമൊടുക്കി പ്രവേശനം നേടുന്നതുൾപ്പെടെ യാതൊരുവിധ ശുപാർശകളും അനുവദിക്കാതിരിക്കാൻ വികസനസമിതി പ്രത്യേകം ശ്രദ്ധിക്കും.

ആഹ്ളാദം പങ്കിടാൻ കുരുന്നുകളെത്തും

പള്ളിക്കൽ,മടവൂർ നാവായിക്കുളം, പാരിപ്പള്ളി പഞ്ചായത്തുകളിൽപ്പെട്ട 11 വിദ്യാലയങ്ങളിലെ കുട്ടികൾ മാസത്തിൽ ഒരുദിനം അച്ഛനമ്മമാർക്ക് ഭക്ഷണവുമായെത്തി അവരോടൊപ്പം ഒരുമണിക്കൂർ ചെലവിടുന്നത് അച്ഛനമ്മമാർക്ക് വളരെയേറെ ആഹ്ളാദംപകരുന്നതായി ജീവനക്കാർ പറയുന്നു.കുട്ടികളുടെ നൃത്ത,സംഗീത പരിശീലന ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. ഭാരത സർക്കാരിന്റെ സൗജന്യ തൊഴിൽപരിശീലന പദ്ധതിയുടെ ഭാഗമായി 20 പെൺകുട്ടികൾക്ക് സ്നേഹാശ്രമത്തിൽ പരിശീലനം നൽകി വരുന്നു.