
ശിവഗിരി: നമ്മുടെ രാജ്യം പിന്നാക്കക്കാർക്ക് പ്രവേശനമില്ലാത്ത തമ്പുരാൻ കോട്ടയാണെന്നും കാലമേറെ കഴിഞ്ഞിട്ടും അതിന് വിള്ളലുണ്ടായിട്ടില്ലെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള തീർത്ഥാടനകാല സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംവരണസംരക്ഷണ നേതൃസംഗമത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്കായിശക്തമായി പൊരുതേണ്ടത് ശ്രീനാരായണസമൂഹത്തിന്റെയും ഭക്തരുടെയും കടമയാണ്.
ഇത്തരമൊരുവിഷയത്തിൽ ശിവഗിരി മഠംസമ്മേളനം സംഘടിപ്പിച്ചത് ശരിയാണോ എന്ന സംശയം പലർക്കുമുണ്ടാകാം. ഗുരുദേവന്റെ ജീവിതത്തെയും സന്ദേശത്തെയും ആസ്‌പദമാക്കിയാണ് തീർത്ഥാടനം നടക്കുന്നത്. പിന്നാക്ക ജനവിഭാഗത്തെ കൈപിടിച്ചുയർത്തിയ ഒരേഒരുസന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുദേവൻ. അധഃസ്ഥിത വിഭാഗത്തിന്റെ പ്രത്യേകിച്ച് ഈഴവരുടെ സ്വാമിയാണ് ഗുരുദേവനെന്ന് ചിലർ പറയുന്നതിന് കാരണം ഇതാണ്. ഗുരുദേവന്റെ ത്യാഗവും ആത്മസമർപ്പണവുമാണ് പിന്നാക്കക്കാർക്ക് സമൂഹത്തിൽ നിവർന്നുനിൽക്കാൻ അവസരമൊരുക്കിയത്. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ തുടർയോഗങ്ങൾ മഠത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നേതൃസംഗമം കെ.പി.എം.എസ് പ്രസിഡന്റ് പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹിക നീതിക്കായി സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടപ്പിലാക്കിയാൽ ദേശീയ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന സംസ്ഥാന സർക്കാർ വാദം ബാലിശമാണ്. നീതി നിഷേധിക്കുന്നവരുടെ ഐക്യം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി അദ്ധ്യക്ഷനായി.
ശ്രീനാരായണമത സംഘം പ്രതിനിധി എസ്. സുവർണ്ണകുമാർ, ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, വിശ്വകർമ്മ സർവീസ് സൊസൈറ്റി സെക്രട്ടറി വിനോദ് തച്ചുവേലി, ബി.എസ്.പി മുൻ പ്രസിഡന്റ് അഡ്വ. പ്രഹ്ലാദൻ, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ശിവഗിരി ബ്രഹ്മാനന്ദാലയം സെക്രട്ടറി സ്വാമി അംബികാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ബാബുരാജ് വട്ടോടിൽ നന്ദിയും പറഞ്ഞു.