railway

തിരുവനന്തപുരം:ശിവഗിരി തീർത്ഥാടനത്തിന് ഇതാദ്യമായി എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. തീർത്ഥാടനകാലത്ത് വർക്കലയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് മാത്രമായിരുന്നു പതിവ്. റെയിൽവേ ബോർഡ് മുൻ പി.എ.സി.ചെയർമാൻ പി.കെ.കൃഷ്ണദാസിന്റെ ശ്രമഫലമായാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗമാണ് കൃഷ്ണദാസ്.

ശിവഗിരി തീർത്ഥാടനം നടക്കുന്ന 30 മുതൽ ജനുവരി ഒന്നു വരെ എറണാകുളത്തു നിന്നും 12 ജനറൽ കോച്ചുകളുള്ള സ്‌പെഷ്യൽ മെമു ട്രെയിൻ സർവ്വീസ് നടത്തും. രാവിലെ 9.10ന് എറണാകുളം സൗത്തിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.11ന് വർക്കല ശിവഗിരിയിൽ എത്തും. 12.45ന് കൊച്ചുവേളിയിലെത്തി അവിടെ നിന്ന് 12.55ന് മടക്കസർവ്വീസ്. ഉച്ചയ്ക്ക് 1.26ന് വർക്കല ശിവഗിരിയിലും വൈകിട്ട് 4.35ന് എറണാകുളം സൗത്തിലും എത്തിച്ചേരും.
വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ട്രെയിൻ നമ്പർ 06065/06066. ഓരോവർഷവും തീർത്ഥാടനകാലത്ത് 30 ലക്ഷത്തോളം ഭക്തരാണ് ശിവഗിരിയിലെത്തുന്നത്. ഡിസംബർ 30, 31, 2025 ജനുവരി 1 തീയതികളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പ്രത്യേക തീവണ്ടി വേണമെന്ന ആവശ്യം ശിവഗിരി മഠം ഉന്നയിച്ചിരുന്നു.