p

തിരുവനന്തപുരം: ഡോക്ടർമാരുടെ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാൻ ആരോഗ്യവിദ്യാഭ്യാസഡയറക്ടറുടെ നിർദ്ദേശം. സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് പരാതിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കാണ് രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. ആവശ്യമായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ആശുപത്രി വികസന സമിതി ഒരുക്കണമെന്നും അവയവങ്ങളിലെ പാടുകൾ ഉൾപ്പെടെ കൃത്യമായി തിരിച്ചറിയാൻ സൂര്യപ്രകാശത്തിന് സമാനമായ വൈറ്റ് ലൈറ്റുകൾ ക്രമീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

2021 നവംബർ ഒന്നിനാണ് രാത്രി പോസ്റ്റ്മോർട്ടത്തിനുണ്ടായിരുന്ന നിയന്ത്രണം കേന്ദ്ര ആരോഗ്യമന്ത്രാലയം നീക്കിയത്. തുടർന്ന് സംസ്ഥാനത്തെ മെ‌ഡിക്കൽ കോളേജുകളിലും ഇത് നടപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം നൽകി. എന്നാൽ ജോലി ഭാരവും വെളിച്ചക്കുറവും ഉൾപ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ രംഗത്തെത്തിയതോടെ തുടർനടപടികളുണ്ടായില്ല. ഒക്ടോബർ ഒന്നുമുതലാണ് മഞ്ചേരിയിൽ സർക്കാർ നിർദ്ദേശപ്രകാരം രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങിയത്. നവംബർ 25ന് ഫോറൻസിക് വിഭാഗത്തിലെ രണ്ട് അസി. പ്രൊഫസർമാർ ജോലിഭാരം, മാനസികസമ്മർദ്ദം തുടങ്ങിയവ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നൽകി. തുടർന്നാണ് ആശുപത്രി വൈസ്‌ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.

നിലവിൽ നാലുവരെ

മെഡിക്കൽ കോളേജുകളിൽ നിലവിൽ വൈകിട്ട് നാലുവരെയാണ് പോസ്റ്റ്‌മോർട്ടം

 നാലിന് ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ അടുത്തദിവസം

രാത്രി മുഴുവൻ മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നത് പലയിടങ്ങളിലും മതപരമായ വൈകാരിക പ്രശ്നമാണ്