
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ അവനവഞ്ചേരിയും കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ കട്ടപ്പറമ്പിനെയും ബന്ധപ്പെടുത്തുന്ന മുള്ളിയിൽ കടവിലെ കടത്തുവള്ളം പുനഃസ്ഥാപിക്കും. കരവാരം പഞ്ചായത്തിലെ നേരത്തെയുള്ള ഭരണസമിതിയാണ് കടത്തുവള്ളം നിറുത്തലാക്കിയത്. അടുത്തിടെ ഇവിടെ ഭരണം മാറിയപ്പോൾ എൽ.ഡി.എഫ് ഭരണസമിതി കടത്തുവള്ളം പുനഃസ്ഥാപിക്കുന്നതിനായി തീരുമാനമെടുത്തു. നദിയുടെ ഇരുകരകളിലെയും ജനങ്ങൾ കടത്തുവള്ളത്തിനായി നിരന്തരം സമരം ചെയ്തിട്ടും നടക്കാതെ പോയ പദ്ധതിയാണ് പുനഃസ്ഥാപിക്കപ്പെടുന്നത്. നൂറ്റാണ്ടായി ഇരുകരകളിലെയും ജനങ്ങൾ അവനവഞ്ചേരി സ്കൂൾ, ഗ്രാമത്തുംമുക്ക് മാർക്കറ്റ്, ഇണ്ടിളയപ്പൻ ക്ഷേത്രം, ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കട്ടപ്പറമ്പ് എൽ.പി സ്കൂൾ, വഞ്ചിയൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതിനായി ഈ കടത്തിനെയാണ് ആശ്രയിച്ചിരുന്നത്. ആദ്യകാലത്ത് പി.ഡബ്ല്യൂ.ഡിയും 2012 മുതൽ കരവാരം പഞ്ചായത്തുമാണ് കടത്തിന്റെ ചുമതലയും ചെലവും വഹിച്ചിരുന്നത്.
ഭരണസമിതി തീരുമാനം
കടത്ത് നിലച്ചതോടെ ഇരുകരക്കാരും കിലോമീറ്ററുകൾ ചുറ്റി തിരിയേണ്ടിവന്നു. ഇതിനിടെ ഒ.എസ്.അംബിക എം.എൽ.എ ഇവിടെ പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുമെന്നും ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പാലത്തിനായി യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് കരവാരം പഞ്ചായത്ത് ഭരണസമിതി കടത്ത് വീണ്ടും ആരംഭിക്കാൻ തീരുമാനമെടുത്തത്. ഇതോടെ നിരവധിപേരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് പുനഃസ്ഥാപിക്കപ്പെട്ടത്. കട്ടപ്പറമ്പിലെ കടത്ത് പുനഃസ്ഥാപിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് അതിവേഗം അവനവഞ്ചേരി സ്കൂളിലെത്താനും സാധിക്കും.