തിരുവനന്തപുരം: ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ 270 പുതിയ കേസുകളാണുണ്ടായത്. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാറാണ് ഈ കേസുകൾ പരിഗണിക്കുന്നത്. ഇക്കൊല്ലം ഇതുവരെ 362 കേസുകൾ ഫയൽചെയ്തു. സ്വത്തുവിവരം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ 791 പൊതുപ്രവർത്തകർക്കെതിരെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസയച്ചതായും ലോകായുക്ത അറിയിച്ചു.

ജനുവരി ഒന്നിന് ലോകായുക്ത വെക്കേഷൻ സിറ്റിംഗ് നടത്തും. ജസ്റ്റിസ് എൻ അനിൽകുമാർ കേസുകൾ പരിഗണിക്കും. സഹകരണ സൊസൈറ്റികളിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിക്കുന്നില്ല, സ്കൂൾ കലോത്സവ ക്രമക്കേടുകൾ, ഭൂനികുതി- പോക്കുവരവ് അപേക്ഷ നിരസിക്കൽ, സഹകരണ സൊസൈറ്റികളുടെയും സഹകരണ ബാങ്കുകളുടെയും ഏകപക്ഷീയമായ റവന്യൂ റിക്കവറി നടപടി, പൊലീസ് അതിക്രമം എന്നിവയെല്ലാം പരാതികളായെത്തുന്നു.

കേസ് ഫയലിംഗിന് ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തി. പരാതി ഫോം www.lokayuktakerala.com വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരാതികൾ നിയമസഭാ സമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസിൽ നേരിട്ടോ തപാലിലോ നൽകാം. ക്യാമ്പ് സിറ്റിംഗ് നടക്കുന്ന കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ പുതിയ കേസുകൾ ഫയൽ ചെയ്യാം. വിവരങ്ങൾക്ക്: 0471 2300362, 2300495.