crossing

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ റോഡ് മുറിച്ചുകടക്കാൻ സർക്കസിലെന്ന പോലെ മെയ്‌വഴക്കവും ആവശ്യമാണ്. കണ്ണൊന്നു തെറ്റിയാൽ ജീവൻ തന്നെ നഷ്ടമായേക്കാം. ട്രെയിൻ സമയം തെറ്റാതെ ഓടിയെത്താൻ ഓരോരുത്തരും ശ്രമിക്കുമ്പോൾ ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ഓവർബ്രിഡ്ജോ അടിപ്പാതയോ വേണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. പ്രതിദിനം ആയിരക്കണക്കിനാളുകളാണ് സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ പരിസരത്ത് എത്തുന്നത്. ട്രെയിനുകളിൽ വന്നിറങ്ങി ബസ് പിടിക്കാനും ബസുകളിലും ഓട്ടോയിലും ടാക്സികളിലും സ്വകാര്യ വാഹനങ്ങളിലുമെത്തി ട്രെയിൻ പിടിക്കാനും ഓടുന്നവരാണേറെയും. രാവിലെയും വൈകിട്ടും സ്കൂൾ-ഓഫീസ് സമയങ്ങളിലാണ് കൂടുതൽ തിരക്ക്. ഗതാഗതനിയന്ത്രണവും കാര്യക്ഷമമല്ല. ഇവിടെ ലൈറ്റ് മെട്രോ വരുമെന്നും ഇതോടനുബന്ധിച്ച് മേൽപ്പാലം വരുമെന്നും പറഞ്ഞിരുന്നെങ്കിലും രണ്ടും ഇതുവരെ യാഥാർത്ഥ്യമായില്ല.

രാവിലെയുള്ള ട്രെയിനുകൾ

രാവിലെയുള്ള ജനശതാബ്ദി,ഇന്റർസിറ്റി,വഞ്ചിനാട്,അനന്തപുരി,നാഗർകോവിൽ-മംഗലാപുരം,മാംഗളൂർ-തിരുവനന്തപുരം,മധുരൈ -എഗ്മൂർ ഉൾപ്പെടെയുള്ള ട്രെയിനുകൾ അടുത്തടുത്ത സമയങ്ങളിലായാണ് തമ്പാനൂരിലെത്തുന്നത്. രാവിലെ 7.45 മുതൽ 11.30 വരെ എത്തുന്നതാവട്ടെ ചെയിൻ പോലെ പന്ത്രണ്ട് ട്രെയിനുകളും.

ഉച്ചയ്ക്കെത്തുന്ന ട്രെയിനുകൾ

ഉച്ചയ്ക്ക് 12ന് മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ട്രെയിനുകൾ എത്തിച്ചേരുന്നത്. ഇത് രാത്രി വൈകി 10.35ന് കാസർകോട്-തിരുവനന്തപുരം ട്രെയിനോടെ അവസാനിക്കും. ഇതിനു പുറമെയാണ് പ്രതിവാര ട്രെയിനുകളുടെയും ദ്വൈവാര ട്രെയിനുകളുടെയും വരവും പോക്കും. ഇതു കൂടിയാകുമ്പോൾ തമ്പാനൂർ കൂടുതൽ തിരക്കിലമരും.