
ബിരുദ പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം കഴിഞ്ഞു. മൂന്നു വർഷത്തെ ബിരുദ കോഴ്സിന്റെ ഫലം നാലും നാലരയും വർഷമായാലും പൂർണമായി വരാത്ത സ്ഥിതിക്കും അവസാനമാവുന്നു. പരീക്ഷ കഴിഞ്ഞ് പരമാവധി രണ്ടാഴ്ചയ്ക്കകം നാലുവർഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററിന്റെ ഫലം പ്രസിദ്ധീകരിച്ച് റെക്കാഡിട്ടിരിക്കുകയാണ് സർവകലാശാലകൾ. പരീക്ഷയും ഫലവും വൈകുന്നെന്ന കാരണത്താൽ നിരവധി കുട്ടികളാണ് അന്യസംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നത്. ഈ ആക്ഷേപത്തിനും പരിഹാരമാവുകയാണ്.
പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനകമാണ് കേരള സർവകലാശാല ഫലം പ്രസിദ്ധീകരിച്ചത്. 155 കോളേജുകളിലായി 65 വ്യത്യസ്ത കോഴ്സുകളിൽ 23,574 കുട്ടികളാണ് കേരളയിൽ പരീക്ഷയെഴുതിയത്. എം.ജി സർവകലാശാല 5ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. 157കോളേജുകളിൽ 234 കോഴ്സുകളിലായി 17,000 കുട്ടികളാണ് പരീക്ഷയെഴുതിയത്. 16ന് പരീക്ഷ പൂർത്തിയാക്കി 21ന് ഫലം പ്രസിദ്ധീകരിച്ചു. 12 ദിവസം കൊണ്ടായിരുന്നു കണ്ണൂർ സർവകലാശാലയിലെ ഫലപ്രഖ്യാപനം. 25,000ത്തോളം കുട്ടികളുള്ള കാലിക്കറ്റ് സർവകലാശാല മൂല്യനിർണയം പൂർത്തിയാക്കി. ഫലം ഉടൻ പ്രസിദ്ധീകരിക്കും.
പരീക്ഷാ പരിഷ്കരണ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഫലം വേഗത്തിലാക്കിയത്. ഇക്കൊല്ലം പുറത്തിറക്കിയ ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരം പരീക്ഷ കഴിഞ്ഞ് മുപ്പത് ദിവസത്തിനകമായിരുന്നു ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നത്. എല്ലാ സർവകലാശാലകളും ഇതിനു മുൻപേ ഫലം പ്രഖ്യാപിച്ചു. നാലുവർഷ ബിരുദത്തിൽ ഒന്നിടവിട്ട സെമസ്റ്ററുകൾ കോളേജുകളിലും സർവകലാശാലയിലുമാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യ സെമസ്റ്ററിന്റെ മൂല്യനിർണയം കോളേജുകളിലായിരുന്നു. സർവകലാശാല തയാറാക്കുന്ന ചോദ്യപേപ്പർ ഓൺലൈനായി കോളേജുകളിലേക്ക് അയയ്ക്കുകയായിരുന്നു.
മൂല്യനിർണയത്തിന് കോളേജുകളിൽ ഓരോ ക്യാമ്പുകളും ക്യാമ്പ് ഡയറക്ടറുമുണ്ടായിരുന്നു. രണ്ട് മണിക്കൂർ പരീക്ഷകളുടെ 40പേപ്പറുകളും ഒന്നര മണിക്കൂർ പരീക്ഷയുടെ 50പേപ്പറും ഒരു അദ്ധ്യാപകൻ ഒരു ദിവസം മൂല്യനിർണയം നടത്തി. അതത് ദിവസം തന്നെ മാർക്ക് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്തു. അങ്ങനെയാണ് ഫലം വേഗത്തിലായത്.
സപ്ലിമെന്ററി പരീക്ഷ
45ദിവസത്തിനകം
ഫലം വേഗത്തിലാക്കുക മാത്രമല്ല, സപ്ലിമെന്ററി പരീക്ഷകളും 45ദിവസത്തിനകം നടത്തും. 10ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കും. ഇതുവരെ അടുത്ത സെമസ്റ്റർ പരീക്ഷയ്ക്കൊപ്പമായിരുന്നു സപ്ലിമെന്ററി പരീക്ഷ നടത്തിയിരുന്നത്. 30ശതമാനം കുട്ടികൾ സപ്ലിമെന്ററി പരീക്ഷയെഴുതുമെന്നാണ് കണക്ക്. ഇതിന്റെ മൂല്യനിർണയവും കോളേജുകളിലാണ്. സപ്ലിമെന്ററി പരീക്ഷ വേഗത്തിലാക്കുന്നത് കുട്ടികൾക്ക് ഗുണകരമാണ്. നാലുവർഷ ബിരുദത്തിൽ രണ്ടാംസെമസ്റ്ററിൽ കോഴ്സ് മാറും മുൻപ് സപ്ലിമെന്ററിയെഴുതാം. ഒരു വർഷം നഷ്ടമാവാതെ, സപ്ലിമെന്ററി എഴുതിയെടുക്കാം. മാനസിക സമ്മർദ്ദവും ഒഴിവാകും.
ഏകീകൃത അക്കാഡമിക്
കലണ്ടറിന്റെ ഗുണം
എല്ലാ സർവകലാശാലകളിലും പരീക്ഷ കഴിഞ്ഞ് 30ദിവസത്തിനകം ഫലപ്രഖ്യാപനവും ക്രെഡിറ്റുകൾക്ക് അനുസൃതമായി പരീക്ഷാ സമയവും ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ ഏകീകൃത അക്കാഡമിക് കലണ്ടർ. ഇതോടെ യൂണിവേഴ്സിറ്രികൾക്ക് പ്രത്യേകമായി ക്വസ്റ്റ്യൻ ബാങ്ക് പ്രസിദ്ധീകരിക്കാനായി. ഇതിൽ നിന്നാണ് ചോദ്യങ്ങൾ. സ്റ്റുഡന്റ് മൊബിലിറ്റി സംവിധാനം വരുന്നതോടെ ഏത് യൂണിവേഴ്സിറ്റിയിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾക്ക് അക്കാഡമിക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനാവും. വിദ്യാർത്ഥികൾക്കെല്ലാം ആധാർ പോലെ യുണീക്ക് ഐ.ഡി ലഭ്യമാക്കുന്നതോടെ കോളേജ്, യൂണിവേഴ്സിറ്റി മാറ്റം എളുപ്പമാവും. ഡിസംബറിലാണ് രണ്ടാം സെമസ്റ്റർ ക്ലാസ് ആരംഭിക്കുക. ഏപ്രിലിൽ പരീക്ഷ നടത്തി മേയിൽ ഫലം പ്രസിദ്ധീകരിക്കും. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകൾ കോളേജിലും രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്ററുകൾ വാഴ്സിറ്റിയിലും മൂല്യനിർണയം നടത്തും. നാല് ക്രെഡിറ്റുകളുള്ള പേപ്പറിന് മൂന്ന് മണിക്കൂറും രണ്ട്, മൂന്ന് ക്രെഡിറ്റുള്ളതിന് രണ്ടു മണിക്കൂറുമായിരിക്കും പരീക്ഷാ സമയം.