p

തിരുവനന്തപുരം: വയനാട് ദുരന്തം കവ‌ർന്ന സഹപാഠികൾക്ക് ശ്രദ്ധാഞ്ജലിയുമായി സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വെള്ളാർമല ജി.വി.എച്ച്.എസ് സ്കൂളിന്റെ നൃത്തശിൽപ്പം.
ഈ സ്കൂളിലെ 33 വിദ്യാർത്ഥികളാണ് ദുരന്തത്തിൽ ഓർമ്മയായത്. അതേസമയം, എല്ലാ കുട്ടികൾക്കുമുള്ള അതിജീവന സന്ദേശവുമാണ് ഈ നൃത്തശിൽപ്പം. സ്കൂൾ സ്ഥാപിച്ചതു മുതൽ ദുരന്തത്തെ അതിജീവിച്ചതു വരെയുള്ള ചരിത്രത്തിന്റെ ആവിഷ്കാരമായിരിക്കും.

ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ഏഴ് പേരാണ് വേദിയിലെത്തുന്നത്. നൃത്തസംവിധായകൻ അനിൽ വെട്ടിക്കാട്ടിരിയാണ് പരിശീലനം നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്താണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാക്കിയത്.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നാടക മത്സരത്തിലും മാറ്റുരയ്ക്കുന്നുണ്ട്. ദുരന്തശേഷം സബ്‌ജില്ലാതലം മുതൽ സംസ്ഥാനതലംവരെ വിദ്യാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് വെള്ളാർമല സ്കൂൾ അതിജീവനത്തിന്റെ പുതുചരിത്രം രചിക്കുകയാണ്.

കലോത്സവ സ്വാഗതഗാനവും കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരവും അവതരിപ്പിക്കുന്നതിന് പുറമേയാണ് വെള്ളാർമല സ്കൂളിലെ നൃത്തശിൽപ്പവും ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത്. ജനുവരി നാലിനു രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ 10000 വിദ്യാർത്ഥികൾ പങ്കെടുക്കും.