
തിരുവനന്തപുരം : ആഘോഷപ്രിയനല്ലാത്ത എ.കെ.ആന്റണിയുടെ 84ാം പിറന്നാൾ പേരിന് പോലും ആഘോഷമില്ലാതെ കടന്നുപോയി. മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാൽ രാവിലെ മുതൽ കെ.പി.സി.സി ആസ്ഥാനത്തുണ്ടായിരുന്ന ആന്റണി സർവമത പ്രാർത്ഥനയിൽ ഉൾപ്പെടെ പങ്കെടുത്ത ശേഷം വൈകിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. രാവിലെ വഴുതയ്ക്കാടുള്ള വീട്ടിൽ മന്ത്രി വി.ശിവൻകുട്ടി എത്തിയിരുന്നു. ചില പ്രവർത്തകരും പ്രിയപ്പെട്ട നേതാവിന് ആശംസകൾ അറിയിക്കാൻ എത്തി. ഒൻപതോടെയാണ് ആന്റണി കെ.പി.സി.സി ഓഫീസിലേക്ക് തിരിച്ചത്. ഉച്ചയ്ക്ക് പതിവ് പോലെ ചപ്പാത്തിയായിരുന്നു ഭക്ഷണം. വൈകിട്ട് അഞ്ചോടെ വീട്ടിലേക്ക് മടങ്ങി.