
ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി മാനഭംഗത്തിനിരയാക്കിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംഘമാണ് അന്വേഷിക്കുക. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. എഫ്.ഐ.ആർ വിവരങ്ങൾ ചോർന്നതിൽ ചെന്നൈ പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി ഇതിൽ പ്രത്യേക അന്വേഷണം വേണമെന്നും വ്യക്തമാക്കി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, വി.ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. പെൺകുട്ടിയുടെ പഠനത്തെ ബാധിക്കരുത്. സർവകലാശാല സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. വാർത്താസമ്മേളനം നടത്തി അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് ചെന്നൈ പോലീസ് കമ്മിഷണർക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് പക്ഷപാതപരമായ അന്വേഷണമാണ് നടത്തുന്നതെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ആരോപിച്ച് ഒരു അഭിഭാഷക സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഡിസംബർ 23ന് ക്യാമ്പസിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം രാത്രി എട്ടോടെയാണ് വിദ്യാർത്ഥിനി മാനഭംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് ഓടിച്ച ശേഷം ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ
സർവകലാശാലക്ക് സമീപം ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.
'സ്ത്രീവിരുദ്ധം': വിമർശിച്ച് കോടതി
എഫ്. ഐ.ആറിലെ ഭാഷ അപലപനീയമെന്ന് കോടതി. ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിൽ എഫ്.ഐ.ആർ തയ്യാറാക്കിയ പൊലീസിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു. കാമുകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തിയ ശേഷം വീഡിയോ ചോർത്തുമെന്നും പിതാവിനും കോളേജ് അധികൃതർക്കും അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു.
''നിങ്ങൾ എഫ്.ഐ.ആർ വായിച്ചിട്ടുണ്ടോ? ഇരയെ കുറ്റപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്.'' - വാദം കേൾക്കലിനിടെ അഡ്വക്കേറ്റ് ജനറൽ പി.എസ് രാമനോട് ബെഞ്ച് പറഞ്ഞു. ഇത് സ്ത്രീവിരുദ്ധമാണ്. എഫ്.ഐ.ആർ ചോർന്നത് ഇരയെ അപമാനിക്കലാണ്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. എന്തുകൊണ്ടാണ് സ്ത്രീക്ക് സ്വതന്ത്രമായി നടക്കാനോ ആഗ്രഹിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനോ പുരുഷനുമായി സംസാരിക്കാനോ കഴിയാത്തതെന്നും കോടതി ആരാഞ്ഞു.
പ്രക്ഷോഭവുമായി പ്രതിപക്ഷം
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ അണ്ണാ ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ ഡി.ജയകുമാറിന്റെ നേതൃത്വത്തിൽ ഗിണ്ടിയിൽ പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് ജയകുമാർ ഉൾപ്പെടെ 900 പേർക്കെതിരെ കോട്ടൂർപുരം പൊലീസ് കേസെടുത്തു. സംഭവം ആളിക്കത്തുമ്പോഴും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചിട്ടില്ല.
രണ്ടംഗ സമിതി
ലൈംഗികാതിക്രമം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മിഷൻ രണ്ടംഗ വസ്തുതാന്വേഷണ സമിതിക്ക് രൂപം നൽകി. റിട്ട. ഐ.പി.എസ് ഓഫീസറും മഹാരാഷ്ട്ര മുൻ ഡി.ജി.പിയുമായ പ്രവീൺ ദീക്ഷിത്, മംമ്ത കുമാരി എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചതായി കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹത്കർ അറിയിച്ചു. വസ്തുതാന്വേഷണ സമിതി നാളെ ചെന്നൈ സന്ദർശിച്ചേക്കും. കമ്മിറ്റി കേസ് അന്വേഷിക്കുകയും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുകയും അധികാരികൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും.