photo

നെടുമങ്ങാട്: വായ്പ തിരിച്ചടവ് മുടക്കത്തിന്റെ പേരിൽ വീട് ജപ്തി ചെയ്യില്ലെന്ന് സർക്കാർ പ്രഖ്യാപനം നിലനിൽക്കെ, നാലു സെന്റിലെ കൊച്ചുവീട്ടിൽ നിന്ന് നിർദ്ധന കുടുംബത്തെ പുറത്താക്കി സഹകരണ അർബൻ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. ഒരു രാത്രി മുഴുവൻ വീടിന് മുന്നിൽ കഴിഞ്ഞ കുടുംബത്തെ ഇന്നലെ രാവിലെ നാട്ടുകാർ പൂട്ടു തകർത്ത് വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു. കന്യാകുളങ്ങര തേക്കടയിലാണ് സംഭവം. ഇടവിളാകം ലക്ഷ്മി വിലാസത്തിൽ 85കാരിയായ യശോദ, മകൾ പ്രഭാകുമാരി, മരുമകൻ സജിമോൻ, ചെറുമകൻ സേതു (19) എന്നിവരാണ് ജപ്തിയുടെ പേരിൽ വഴിയാധാരമായത്. ആശാരിപ്പണിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ഇരുകാലും ഒടിഞ്ഞ് ചികിത്സയിലുള്ള സജിമോനെ ബാങ്ക് ഔദ്യോഗിക വാഹനത്തിൽ ബ്രാഞ്ച് ഓഫീസിലേക്കു മാറ്റി. പിഴപ്പലിശ ഒടുക്കാനെന്ന പേരിൽ യശോദയെയും പ്രഭാകുമാരിയെയും ഹെഡ് ഓഫീസിലേക്കും വിളിപ്പിച്ചു. ഇതിന് ശേഷമായിരുന്നു ജപ്തി നടപടി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നടപടി. പാചകം ചെയ്ത ആഹാരമോ മരുന്നോ എടുക്കാൻ കഴിഞ്ഞില്ല. തിരിച്ചടവിനുള്ള പതിനായിരം രൂപ കടം വാങ്ങി ബാങ്കിൽ എത്തിയപ്പോഴണ് ജപ്തി നടപടികൾ സ്വീകരിച്ചതെന്ന് കുടുംബം പരാതിപ്പെട്ടു. പ്രഭാകുമാരി വീട്ടുപണി ചെയ്താണ് കുടുംബം പോറ്റുന്നത്. 2016 ൽ വീട് മെയിന്റനൻസിന് ഒന്നര ലക്ഷം രൂപ നെടുമങ്ങാട് സഹ.അർബൻ ബാങ്കിൽ നിന്നു ഇവർ വായ്പയെടുത്തിരുന്നു. 2020ൽ വായ്പ പുതുക്കി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. വീട് ജപ്തി വിവരമറിഞ്ഞ് മന്ത്രി ജി.ആർ.അനിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

 പരിഷ്കൃത സമൂഹത്തിന് അപമാനം: മന്ത്രി ജി.ആർ. അനിൽ

കാലൊടിഞ്ഞു കിടക്കുന്ന ഗൃഹനാഥനെയും വൃദ്ധയായ അമ്മയെയും പുറത്താക്കി വീട് ജപ്തി ചെയ്ത ബാങ്ക് നടപടി പരിഷ്കൃത സമൂഹത്തിന് അപമാനകരമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി എന്ന നിലയിൽ കുടുംബത്തെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 മന്ത്രിക്കെതിരെ ബാങ്ക് ചെയർമാൻ

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സർഫാസി പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും നിയമപ്രകാരമുള്ള നടപടികൾ പാലിക്കുകയും ചെയ്തതിന് ശേഷമാണ് വീട് ജപ്തി ചെയ്തതെന്ന് അർബൻ ബാങ്ക് ചെയർമാൻ അഡ്വ. തേക്കട അനിൽകുമാർ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ ജപ്തി ചെയ്ത വസ്തുവിൽ പ്രവേശിക്കുകയും വീട് ചവിട്ടി തുറക്കാൻ നേതൃത്വം നൽകുകയും ചെയ്തെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അനിൽകുമാർ അറിയിച്ചു.