
പാറശാല: ദേശീയപാതയിൽ അമിതവേഗതയിലെത്തിയ വാനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചെങ്കൽ ആറയൂർ പൈങ്കരവീട്ടിൽ എസ്.ജെ.ഷിബിൻ (36)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 5ന് പരശുവയ്ക്കൽ ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. മൂവോട്ടുകോണം സ്വദേശിയും സുഹൃത്തുമായ വിഷ്ണുവിജയുടെ സ്കൂട്ടറിന് പുറകിലിരുന്ന് ഉദിയൻകുളങ്ങര നിന്നും പരശുവയ്ക്കൽ ഭാഗത്തേക്ക് സഞ്ചരിക്കവെ ഇടിച്ചക്കപ്ലാമൂട് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന മാരുതിവാൻ നിയന്ത്രണംവിട്ട് മറുഭാഗത്ത് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന ഷിബിൻ റോഡിന് സമീപത്തെ ഓടയിൽ തെറിച്ച് വീണു.വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുനിന്നു. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കുമേറ്റ ഷിബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിജയ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാറശാല പൊലീസ് കേസെടുത്തു.
ഫോട്ടോ: ദേശീയപാതയിലൂടെ അമിതവേഗത്തിൽ വന്ന മാരുതിവാൻ നിയന്ത്രണം വിട്ട് പരശുവയ്ക്കലിൽ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുന്നു.