bridge

തിരുവനന്തപുരം: നഗരമദ്ധ്യത്തെ റെയിൽവേ ഓവർബ്രിഡ്ജിൽ പട്ടാപ്പകൽ പോലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാരുടെ പരാതി. ഓവർബ്രിഡ്ജ് വഴി ചെട്ടിക്കുളങ്ങര ഉപ്പിടാംമൂട് പാലത്തിലേക്കും മറുവശത്ത് ശ്രീചിത്രാഹോം- തകരപ്പറമ്പ് ശ്രീകണ്ഠേശ്വരത്തേക്കുമുള്ള റെയിൽവേ പാളത്തിന് സമാന്തരമായ റോഡിന് കുറുകെയാണ് ചെട്ടിക്കുളങ്ങര-ശ്രീകണ്ഠ്വേശ്വരം റെയിൽവേ ഓവർബ്രിഡ്ജ്. ട്രെയിനുകൾ ഔട്ടറിൽ പിടിച്ചിടുന്ന ഇവിടെ ആളുകൾ നിരന്തരം റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാനും അപകടങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് മൂന്ന് പതിറ്റാണ്ടോളം മുൻപ് ഓവർബ്രിഡ്ജ് നിർമ്മിച്ചത്. എന്നാലിപ്പോൾ പട്ടാപ്പകൽ പോലും സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിത്തീർന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാൽ മദ്യപന്മാരുടെ കൂട്ടമാണ്. കുപ്പികളുമായെത്തി കൂട്ടംകൂടി മദ്യപിച്ചിരിക്കുകയും കിടന്നുറങ്ങുന്നതും കാരണം സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഈ പാലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. പരാതി നൽകിയാൽ പൊലീസെത്തി വിരട്ടിയോടിച്ച് മടങ്ങവെ തന്നെ സംഘം വീണ്ടും സജ്ജീവമാകാറാണ് പതിവ്.

മാലിന്യ നിക്ഷേപവുമുണ്ട്

പാലത്തിന് താഴെ ചെട്ടിക്കുളങ്ങര ഭാഗത്ത് മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമും തൊട്ടടുത്തായി റോഡ് കൈയേറി നിർമ്മിച്ച ഒരു ഷെഡുമുണ്ട്. സമീപത്തെ വസ്ത്ര-ജുവലറി സ്ഥാപനങ്ങളിലേതടക്കം നൂറുകണക്കിന് സ്ത്രീകളും നാട്ടുകാരുമാണ് ഈ റോഡും പാലവും ഉപയോഗിച്ചിരുന്നത്. എന്നാൽ മദ്യപന്മാരുടെ വിഹാരകേന്ദ്രമായതോടെ പാലത്തിലൂടെ ആരും നടക്കാതെയുമായി, പാലത്തിന്റെ ഒരുവശം മാലിന്യ നിക്ഷേപകേന്ദ്രവുമായി തീരുകയും ചെയ്തു.