തിരുവനന്തപുരം: പേരൂർക്കട ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന മേൽപ്പാലത്തിന് ജനുവരിയിൽ ടെൻഡറാകും. കിഫ്ബി പദ്ധതിയിൽ 106.76 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഏകദേശം പൂർത്തിയാകുന്നു. ഇവിടെ റോഡ് വികസനത്തിനായി നേരത്തെ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഏറ്റെടുത്ത സ്ഥലത്തിന്റെ അളവ് റവന്യു രേഖകളിൽ കുറവ് ചെയ്തിരുന്നില്ല. അതിനാൽ പാലം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വന്നപ്പോൾ പതിന്നാലോളം പേരുടെ സർവേ നമ്പരുകളിലും അളവുകളിലും മാറ്റമുണ്ടാവുകയും ഇത് ക്ലീയർ ചെയ്യുന്നതിനായി വീണ്ടും ഇ-ടെൻഡർ നടപടിയിലേക്ക് കടക്കേണ്ടിയും വന്നു. ഇതോടെ സ്ഥലം ഏറ്റെടുക്കൽ നടപടി വൈകി. സ്ഥലം ഉടമകളുടെ റവന്യു രേഖകൾ പുതുക്കി, നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ചാലുടൻ പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് കടക്കും.

 നീളം..... 874 മീറ്റർ

 പ്രോജക്ട് തുക........ 106.76 കോടി

 ഏറ്റെടുക്കുന്നത്....... 4 ഏക്കർ സ്ഥലം

 സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം- 51.34 കോടി രൂപ

 തുകയും നീക്കിവച്ചു

പേരൂർക്കട ലൂർദ്ദ് പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച് വഴയില സെന്റ് ജൂഡ് പള്ളിയ്ക്ക് സമീപം അവസാനിക്കുന്ന പാലത്തിന് റോഡ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള(ആർ.ബി.ഡി.സി.കെ)യ്ക്കാണ് നിർമ്മാണ ചുമതല. 55.42 കോടി രൂപയാണ് ഫ്ലൈ ഓവർ നിർമ്മാണത്തിനുമാത്രം വകയിരുത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായി 51.34 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് വ്യാപാര സ്ഥാപനങ്ങളെയും വീടുകളേയും ബാധിക്കുന്ന തരത്തിലാണ് മേൽപ്പാലത്തിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.

ശാസ്തമംഗലം-പേരൂർക്കട സ്മാർട്ട് റോഡ്

ഇതോടൊപ്പം തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി രൂപ ചെലവഴിച്ച് നിർമ്മാണം നടക്കുന്ന ശാസ്തമംഗലം-ഊളംപാറ-അമ്പലംമുക്ക്, ശാസ്തമംഗലം-ഊളംപാറ-പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. യൂട്ടിലിറ്റി ഡക്ടുകൾ,ഓട,നടപ്പാത,ബി.എം.ബി.സി നിലവാരത്തിലുള്ള റോഡ് എന്നിവയോടെയാണ് നിർമ്മാണം നടക്കുന്നത്. പൊതുമരാമത്ത് റോഡ്‌സ്‌ ഡിവിഷന്റെ ചുമതലയിൽ നടക്കുന്ന പ്രവൃത്തികൾ ജനുവരിയിൽ പൂർത്തിയാകും.