
ശിവഗിരി: സാമൂഹ്യപരിവർത്തനത്തിനു വേണ്ടത് ഭൗതിക സാഹചര്യങ്ങളുടെ വികസനമല്ല, മറിച്ച് ഹൃദയങ്ങളുടെ വികസനമാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനംരാജശേഖരൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിലൂടെ ശ്രീനാരായണഗുരു വിഭാവനം ചെയ്തത് ഇത്തരത്തിലുള്ള വികസനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായുള്ള തീർത്ഥാടനകാലത്തെ ഗുരുധർമ്മപ്രചാരണസഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
അവനവനിലേക്കുള്ള യാത്രയാണ് യഥാർത്ഥത്തിൽ ശിവഗിരി തീർത്ഥാടനം. ഇതിലൂടെ ആകർഷകമായ വ്യക്തിത്വമാണ് ഓരോരുത്തർക്കും സ്വായത്തമാവുക. സങ്കുചിത ചിന്തകൾ മനസിൽ നിന്ന് മാറണം. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം" എന്ന് ഗുരു അരുൾ ചെയ്തത് അതിനാലാണ്. സ്വാർത്ഥമതികളുടെ ലോകം പെരുകിവരുന്ന കാലഘട്ടമാണിത്. നമുക്ക് എന്തു കിട്ടും എന്ന് ചിന്തിക്കുന്നവരുടെ മത്സരമാണ് നടക്കുന്നത്. എനിക്കെന്ത് കൊടുക്കാനുണ്ട് എന്നു ചിന്തിക്കുന്നവരുടെ എണ്ണം കുറയുന്നു. ഗുരുദേവ കൃതികൾ ആഴത്തിൽ പഠിച്ചാൽ വ്യക്തമാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് സർവ്വ. എല്ലാവരെയും കുറിച്ച് ചിന്തിക്കാനുള്ള ഹൃദയ വിശാലതയാണ് ഇതിലൂടെ ഗുരു ഉത്ബോധിപ്പിക്കുന്നത്. രണ്ട് സമ. എല്ലാവരെയും സമന്മാരായി കാണാനുള്ള ദർശനമാണ് ഇത്. മൂന്ന് സഹ. സഹവർത്തിത്വത്തോടെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനുള്ള മനസ്.
കാലോചിതമായ ധർമ്മമാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു ലക്ഷ്യംവച്ചത്. വിവിധ ചിന്താഗതികളുള്ള ശിഷ്യഗണങ്ങളെ ധർമ്മം എന്ന പട്ടുനൂൽ ഉപയോഗിച്ച് ഒരുമിച്ച് കൊണ്ടുപോകാൻ ഗുരുവിന് കഴിഞ്ഞു. ഗുരു സത്യമാണ്. ആ സത്യം സാക്ഷാത്കരിക്കാൻ ജീവിതത്തെ സാധനയാക്കി മാറ്റണമെന്നും കുമ്മനം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ, ചലച്ചിത്ര നടൻ ദേവൻ, ഗുരുധർമ്മ പ്രചാരണസഭ ഉപദേശക സമിതി വൈസ് ചെയർമാൻ അനിൽതടാലിൽ, ചീഫ് കോ ഓർഡിനേറ്റർ സത്യൻപന്തത്തല എന്നിവർ പങ്കെടുത്തു. 'ശ്രീനാരായണായ' എന്ന നോവൽ രചനയ്ക്ക് ശിവഗിരി മഠത്തിന്റെ അവാർഡ് എം.കെ. ഹരികുമാറിന് സ്വാമി സച്ചിദാനന്ദ സമ്മാനിച്ചു. കുമ്മനം രാജശേഖരനും നടൻ ദേവനും ഗുരുധർമ്മ പ്രചാരണ സഭയുടെ അംഗത്വം നൽകി. ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ഗുരുധർമ്മ പ്രചാരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ നന്ദിയും പറഞ്ഞു.