swami

ശിവഗിരി: സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും ശ്രീനാരായണഗുരുവിനെ അധിക്ഷേപിക്കുന്ന ചില പ്രവണതകൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പ്രതികരണശേഷിയോടെ ഗുരുധർമ്മ പ്രചാരണസഭ ഇക്കാര്യത്തിൽ ഇടപെടേണ്ടതുണ്ടെന്നും ശ്രീനാരയണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുധർമ്മ പ്രചാരണസഭ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൃഷ്ണനും ക്രിസ്തുവും നബിയും ഉൾപ്പെടെ നവോത്ഥാന പ്രവർത്തനങ്ങൾക്കിറങ്ങിയ എല്ലാ മഹത്തുക്കൾക്കും ശത്രുക്കളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഗുരുവിന് ശത്രുക്കളുണ്ടായിരുന്നില്ല. തന്റെ ദർശനത്തിന്റെ പൊരുൾ കൊണ്ട് എല്ലാവരെയും ഗുരു മിത്രങ്ങളാക്കി. അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ചോദ്യം ചെയ്യാനെത്തിയ പുരോഹിതരോട്, നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞപ്പോൾ അവർ ശാന്തരായി പിൻവാങ്ങുകയായിരുന്നു.

ഗുരുവിന്റെ തത്വദർശനം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഗുരുവിന്റെ കല്പനപ്രകാരം രൂപീകരിച്ചതാണ് ഗുരുധർമ്മ പ്രചാരണസഭ. എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചശേഷവും അദ്ദേഹം ദേശസഭകൾ സ്ഥാപിച്ചിരുന്നു. ഗുരു ധർമ്മസംസ്ഥാപകനാണ്. ഈ ധർമ്മസംസ്ഥാപനമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കടമ.

ശ്രീനാരായണഗുരു ശാന്തമനസ്കനായി ക്ഷേത്രപ്രതിഷ്ഠകൾ നടത്തിവരുന്ന കാലത്താണ് സ്വാമി ബോധാനന്ദ ജാതി ഭേദത്തിനെതിരെ ധർമ്മഭടസംഘം രൂപീകരിച്ചത്. സമൂഹത്തിൽ വിപ്ളവകരമായ മാറ്രം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ജാതിഭേദത്തിനെതിരെ മലബാറിലും കൊച്ചിയിലും ധർമ്മഭടസംഘം നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. വിപ്ളവത്തിന്റെ മാർഗത്തിലൂടെ സഞ്ചരിച്ചിരുന്ന സ്വാമി ബോധാനന്ദ, തലശ്ശേരിയിൽ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതോടെ, അദ്ദേഹത്തിന്റെ മനസ് മാറി. ഗുരുവിനെ നമസ്കരിച്ചപ്പോൾ അക്രമം അരുതെന്ന് ഗുരു ഉപദേശിച്ചു. അങ്ങനെയാണ് ശിവഗിരിയിൽ ശാരദാപ്രതിഷ്ഠാദിനത്തിൽ സ്വാമി ബോധാനന്ദയുടെ പ്രസ്ഥാനം ശിവഗിരി പ്രസ്ഥാനത്തിൽ വിലയം പ്രാപിച്ചത്.

എന്നാൽ, ധർമ്മഭട പ്രസ്ഥാനം ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു. സധൈര്യം ഇറങ്ങാൻ ആർജ്ജവമുള്ള പ്രവർത്തകരെയാണ് ആവശ്യം. ശ്രീനാരായണസമൂഹം ശ്രദ്ധയോടെ ഉണർന്ന് പ്രവർത്തിക്കേണ്ട കാലമാണ് ഇതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.