
ഉദിയൻകുളങ്ങര: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട് അതിർത്തി പ്രദേശമായ നീരോടിയിൽ പുളിമുട്ട് സ്ഥാപിച്ചതും കടൽ ഉൾവലിഞ്ഞതും മത്സ്യലഭ്യത കുറവും കാരണം മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. പൊഴിയൂർ
പരുത്തിയൂർ,കൊല്ലങ്കോട്,തെക്കേ കൊല്ലങ്കോട്,വള്ളവിള,നീരോടിയുള്ള മത്സ്യതൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
മുമ്പ് എൻഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളങ്ങളിലും കമ്പവലയും തട്ടുമടിയും ചാളതടിയുമായി കടലിൽപോയിരുന്ന ആയിരത്തോളം മത്സ്യതൊഴിലാളികളുണ്ടായിരുന്ന പ്രദേശം കഴിഞ്ഞ കടൽക്ഷോഭം എടുത്തതോടെ ഇവർക്ക് ചെറുവള്ളങ്ങും മറ്റും ഈ ഭാഗങ്ങളിൽ ഇറക്കാൻ കഴിയാതെയായി. ഹാർബർ ഇല്ലാത്തതിനാൽ തൊഴിലാളികൾ കാസർകോട്,കണ്ണൂർ,തലശ്ശേരി,വെപ്പൂർ,കൊല്ലം,നീണ്ടകര, മുനമ്പം,വിഴിഞ്ഞം എന്നിവിടങ്ങളിൽ മാസങ്ങളോളം നിന്നാണ് പണിയെടുക്കുന്നത്. തീരദേശം തകർന്നടിഞ്ഞതോടെ കമ്പ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ദുഷ്കരമാണ്. തകർന്നടിഞ്ഞ തീരത്തെ വീണ്ടെയുക്കാനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തൊഴിലാളികൾക്ക് തിരിച്ചടി
തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് പ്രതിമാസം നൽകിക്കൊണ്ടിരുന്ന 350 ലിറ്റർ മണ്ണെണ്ണ ക്രമേണ 150ലേക്ക് എത്തുകയും പിന്നീട് കിട്ടാതാവുകയും ചെയ്തു. നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇരട്ടി വിലയ്ക്ക് വാങ്ങിയാണ് മത്സ്യബന്ധന ചെറു ബോട്ടുകളും വള്ളങ്ങളും പ്രവർത്തിച്ചു വരുന്നത്. പലർക്കുമിത് നഷ്ടമായതിനാൽ മത്സ്യബന്ധനം ഉപേക്ഷിച്ചു മറ്റ് തൊഴിലുകൾ തേടുന്നു. പെലാജി കട്രോൾ നെറ്റ്, മിഡ്വാട്ടർ,ട്രോൾനൈറ്റ് പോലുള്ള വലകൾ ഉപയോഗിച്ചുളള മീൻപിടുത്തം മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് പ്രകാരം നിരോധിച്ചതും തിരിച്ചടിയായി.
കാലവസ്ഥ പ്രതികൂലം
കാലവസ്ഥ വ്യതിയാനവും 46ഇനം ചെറുമത്സ്യങ്ങളെ പിടിക്കൂടുന്നതും നിരോധിച്ചതും വിനയായി. അന്യസംസ്ഥാന ബോട്ടുകൾ പൂർണ വളർച്ചയെതാത്ത മത്സ്യകുഞ്ഞുങ്ങളെ കൂട്ടത്തോടെ കടലിൽ നിന്നും വാരി കൊണ്ട് പോകുന്നതും പരമ്പാഗത തൊഴിലാളികൾക്ക് തിരിച്ചടിയായി.കടൽക്ഷോഭവും മത്സ്യം ലഭിക്കാത്ത ജൂൺ മുതൽ ആഗസ്റ്റ് വരെ മത്സ്യ തൊഴിലാളികൾക്കിടയിൽ വിശ്രമ മാസങ്ങൾ എന്നാണറിയപ്പെടുന്നത്. പൊഴിയൂർ മുതൽ നീരോടി വരെയുള്ള ഭാഗങ്ങളിൽ കടൽത്തീരം ഇല്ലാത്തതിനാൽ നൂറോളം ചാള തടികളിൽ മത്സ്യബന്ധനം നടത്തി വന്ന തൊഴിലാളികളിൽ ഇപ്പോൾ നാലെണ്ണത്തിൽ മാത്രം ഒതുങ്ങി നിൽക്കയാണ്. കടലിലെ ചൂട് കൂടുകയും സമുദ്ര നിരപ്പ് ഉയരുന്നതും മത്സ്യങ്ങളുടെ പ്രജനനത്തെയും ആവാസ രീതിയെയും തകിടം മറിക്കുന്നു.