crime

നെയ്യാറ്റിൻകര: പാറശാല ഷാരോൺ വധക്കേസിലെ അന്തിമ വാദം ഇന്ന് തുടങ്ങും. പ്രോസിക്യൂഷൻ ഹാജരാക്കിയ 95 സാക്ഷികളുടെയും 323 രേഖകളുടെയും 51 തൊണ്ടിമുതലുകളുടേയും അടിസ്ഥാനത്തിലായിരിക്കും വാദം. പ്രതികൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ സംഭവത്തിൽ രണ്ടാം പ്രതി സിന്ധുവും മൂന്നാം പ്രതി നിർമലകുമാരൻ നായരും നിരപരാധികളാണെന്ന് പറയുകയും ഗ്രീഷ്മ നാല് പേജുകളുള്ള വിശദീകരണം എഴുതി നൽകുകയുമായിരുന്നു. പ്രതിഭാഗം തെളിവുകളില്ലെന്ന് പറഞ്ഞതോടെയാണ് അന്തിമ വാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റിയത്. 2022 ഒക്ടോബർ 14നാണ് ഷാരോൺ രാജിനെ കഷായത്തിൽ വിഷം നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധ ഡോ.ധന്യാ രവീന്ദ്രൻ, ടോക്സികോളജി വിദഗ്ദ്ധൻ ഡോ.വി.വി പിള്ള എന്നിവർ ഷാരോൺ രാജിന്റെ ഉള്ളിൽ ചെന്ന വിഷം പാരക്വറ്റ് എന്ന കളനാശിനിയാണെന്ന് രേഖകൾ പരിശോധിച്ച് തെളിവ് നൽകിയിരുന്നു. ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും പിതാവിനോട് ഷാരോൺ നൽകിയ മരണമൊഴിയും കേസിൽ നിർണായകമായി.തിരുവനന്തപുരം റൂറൽ എസ്.പി ആയിരുന്ന ഡി.ശില്പ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. എസ്.പി എം.കെ സുൽഫിക്കർ,ഡിവൈ.എസ്.പിമാരായ കെ.ജെ.ജോൺസൺ,വി.ടി റാസിത്ത്,പാറശാല എസ്.എച്ച്.ഒ ആയിരുന്ന സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ, അഡ്വ.അൽഫാസ് മഠത്തിൽ,അഡ്വ.നവനീത് കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.