pathaka
f

ശിവഗിരി: ഗുരുദേവമന്ത്രങ്ങളാൽ മുഖരിതമായ ശിവഗിരിയും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായി. മതാതീത ആത്മീയതയുടെ പ്രവഭസ്ഥാനമായ ഇവിടേക്ക് ഭക്തലക്ഷങ്ങളുടെ മഹാപ്രവാഹമാണിപ്പോൾ. ശ്രീനാരായണഗുരുദേവൻ കല്പിച്ച് അനുവദിച്ച ശിവഗിരിതീർത്ഥാടനത്തിന് ഇന്ന് തുടക്കം. ഗുരുകടാക്ഷം തേടി മഹാസമാധിയിലേക്ക് ലോകമെമ്പാടും നിന്നെത്തുന്ന ഭക്തരെ വരവേൽക്കാൻ ശിവഗിരിമഠം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

92-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഡിസംബർ 15 ന് തുടങ്ങിയ തീർത്ഥാടനകാല പരിപാടികളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും മറ്രു സംസ്ഥാനങ്ങളിൽ നിന്നും ശ്രീനാരായണീയരുടെ വലിയ ഒഴുക്കായിരുന്നു. തീർത്ഥാടനദിനങ്ങളായതോടെ ശിവഗിരി പീതസാഗരമായി മാറുകയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ നാനാകേന്ദ്രങ്ങളിൽ നിന്നുള്ള തീർത്ഥാടന പദയാത്രകൾ ശിവഗിരിയിൽ എത്തിത്തുടങ്ങി. ഇന്നു വൈകിട്ടാണ് പദയാത്രകൾക്ക് ഔദ്യോഗിക സ്വീകരണം.

പുലർച്ചെ 4.30 ന് പർണശാലയിൽ നടക്കുന്ന ശാന്തിഹവനത്തിനു ശേഷം മഹാസമാധിപീഠത്തിലെ വിശേഷാൽ ഗുരുപൂജയോടെയാണ് ചടങ്ങുകളുടെ തുടക്കം. 7.30 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.

രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ശിവഗിരിതീർത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്യും. ശ്രീനാരാണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

11.30 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിക്കും. നാരായണഗുരുകുലഅദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദിനെ ചടങ്ങിൽ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് വിശിഷ്ടാതിഥിയായിരിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മോൻസ് ജോസഫ് എം.എൽ.എ, എ.ഡി.ജി.പി പി. വിജയൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

2 മണിക്ക് നടക്കുന്ന ശാസ്ത്രസാങ്കേതിക സമ്മേളനം ധന മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ശുചിത്വ ആരോഗ്യ ഉന്നതവിദ്യാഭ്യാസ സമ്മേളനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.