
മമ്മൂട്ടിയും മോഹൻലാലും ആസിഫ് അലിയും ടൊവിനോ തോമസും ബേസിൽ ജോസഫും അർജുൻ അശോകനും ജനുവരിയുടെ ബോക്സോഫീസിൽ ഉണ്ടാകും. ടൊവിനോ തോമസ് നായകനായി അഖിൽ പോൾ-അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി രണ്ടിന് തിയേറ്ററിൽ. പുതുവർഷത്തിലെ ആദ്യ റിലീസാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക. സംവിധായകൻ സക്കറിയയെ നായകനാക്കി നവാഗതനായ ഷമീം മുഹമ്മദ് സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ 3ന് തിയേറ്ററിൽ.
ധ്യാൻ ശ്രീനിവാസൻ നായകനായി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന ഐഡി, അരിസ്റ്റോ സുരേഷ് നായകനായി ജോണി വയലുങ്കൽ സംവിധാനം ചെയ്യുന്ന മിസ്റ്റർ ബംഗാളി 8ന് റിലീസ് ചെയ്യും.
ആസിഫ് അലി നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം 9ന് തിയേറ്ററിൽ. അനശ്വര രാജനാണ് നായിക. ഷങ്കർ സംവിധാനം ചെയ്യുന്ന രാംചരൺ നായകനാകുന്ന ഗെയിം ചേഞ്ചർ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും.
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവിൻകൂട് ഷാപ്പ് 16ന് തിയേറ്ററിൽ.
അർജുൻ അശോകനും അനശ്വര രാജനും ബാലു വർഗീസും വേറിട്ട ഗെറ്റപ്പിൽ എത്തുന്ന എന്ന് സ്വന്തം പുണ്യാളൻ പത്തിന് തിയേറ്ററിൽ. നവാഗതനായ മഹേഷ് മധു ആണ് സംവിധാനം.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് ജനുവരി റിലീസായാണ് ഒരുങ്ങുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ്. ഗോകുൽ സുരേഷാണ് മറ്റൊരു പ്രധാന താരം.
മോഹൻലാലും യുവ സംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്ന തുടരും 30ന് തിയേറ്ററിൽ.
ഇടവേളയ്ക്കുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്നതാണ് പ്രത്യേകത.