
തിരുവനന്തപുരം : പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരായ ക്യാമറാനിരീക്ഷണം വ്യാപിപ്പിക്കുന്നു. പുതുവർഷത്തിൽ ആരംഭിക്കുന്ന ' വലിച്ചെറിയൽ വിരുദ്ധ" വാരാചരണത്തിന്റെ ഭാഗമായാണിത്. നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി എം.ബി. രാജേഷ് തദ്ദേശസ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി.
സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയ ജനകീയ സമിതികൾ രൂപീകരിക്കും. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കും. കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യും. വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും യോഗം ഉടൻ ചേരും. വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ആസൂത്രണം ചെയ്യും. ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
വാട്ടർ അതോറിട്ടി സ്ഥലംമാറ്റം:
ലംഘിക്കുന്നവർക്ക്
എതിരെ നടപടി
തിരുവനന്തപുരം: പൊതു സ്ഥലംമാറ്റം ലഭിച്ചിട്ടും പുതിയ ഓഫീസിലെത്തി ചുമതലയേൽക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി എം.ഡിയുടെ നിർദ്ദേശം. 31നകം നടപടിയെടുത്ത് വിവരം അറിയിക്കാനാണ് ചീഫ് എൻജിനിയറോട് (എച്ച്.ആർ.ഡി) എം.ഡി ജീവൻ ബാബു നിർദ്ദേശിച്ചത്.
2024ലെ പൊതുസ്ഥലംമാറ്റത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർ പുതിയ ഓഫീസിലെത്തി ചുമതലയേറ്റെടുക്കാൻ സമയപരിധി നിശ്ചയിച്ച് മാനേജിംഗ് ഡയറക്ടർ ഒക്ടോബർ 3ന് ഉത്തരവിറക്കിയിരുന്നു. ഇതിനു ശേഷവും പഴയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടു. റിലീവാകാത്തവർ 30നകം വിടുതൽ വാങ്ങാനും അല്ലാത്തവർക്കെതിരേ നടപടിയെടുക്കാനുമാണ് നിർദ്ദേശം.
ഉത്തരവ് ലംഘിച്ച് പഴയ സ്ഥലങ്ങളിൽ തന്നെ തുടരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന പ്രസിഡന്റ് എം.പി.ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി പി.പ്രദീപ് എന്നിവർ ആവശ്യപ്പെട്ടു.
കുടുംബശ്രീ 11 സി.ഡി.എസുകളിൽ
ഇന്റേണൽ ഓഡിറ്റിംഗ്
തിരുവനന്തപുരം: കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 11 സി.ഡി.എസുകളിൽ ഇന്റേണൽ ഓഡിറ്റിംഗ് നടപ്പാക്കുന്നു. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ചലനം' മെന്റർഷിപ് പരിപാടിക്കായി തിരഞ്ഞെടുത്ത പുനലൂർ (കൊല്ലം), ചങ്ങനാശേരി (കോട്ടയം), തിരുവല്ല വെസ്റ്റ്(പത്തനംതിട്ട), ഹരിപ്പാട്(ആലപ്പുഴ), കട്ടപ്പന (ഇടുക്കി), ചെർപ്പുളശേരി (പാലക്കാട്), പരപ്പനങ്ങാടി(മലപ്പുറം), മുക്കം(കോഴിക്കോട്), മാനന്തവാടി(വയനാട്), കൂത്തുപറമ്പ്(കണ്ണൂർ), കാഞ്ഞങ്ങാട് (കാസർകോട്) സി.ഡി.എസുകളിലാണ് ഓഡിറ്റിംഗ് നടക്കുക.
കുടുംബശ്രീ ബൈലാ പ്രകാരമുള്ള എല്ലാവിവരങ്ങളും മൂന്നു മാസത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യും. സി.ഡി.എസിന്റെ പൊതുസഭയിൽ റിപ്പോർട്ട് അവതരിപ്പിക്കും. ഓഡിറ്റിംഗിനായി തിരഞ്ഞെടുത്ത ഇന്റേണൽ ഓഡിറ്റർമാർക്കായി നടക്കുന്ന പരിശീലന പരിപാടി ഇന്നു സമാപിക്കും.
കെ.എൻ.എം മർകസുദ്ദഅവ:
സി.പി.ഉമർ സുല്ലമി പ്രസിഡന്റ്
കോഴിക്കോട്: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റായി സി.പി.ഉമർ സുല്ലമിയേയും ജനറൽ സെക്രട്ടറിയായി എം.അഹമദ് കുട്ടി മദനിയേയും തിരഞ്ഞെടുത്തു. കെ.എൽ.പി യൂസുഫാണ് (എലാങ്കോട്) ട്രഷറർ. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമ്പൂർണ കൗൺസിൽ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി നടപടികൾ നിയന്ത്രിച്ചു.
വോട്ടർ പട്ടികയിൽ
കൃത്രിമത്തിന് ശ്രമമെന്ന്
കേജ്രിവാൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താൻ മത്സരിക്കുന്ന ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിൽ വോട്ടർപട്ടികയിൽ ക്രമവിരുദ്ധമായ കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടക്കുന്നതായി ആരോപിച്ച് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ ഇലക്ടറൽ ഓഫീസർക്ക് കത്തയച്ചു.
വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമം നടക്കുന്നു.. വോട്ടർ പട്ടിക തയ്യാറാക്കൽ നടപടികൾ പൂർത്തിയായ ശേഷമാണ് പുതിയ അപേക്ഷകൾ പരിഗണിച്ചത്. ഒക്ടോബർ 29 മുതൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ നൽകണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടു.