
തിരുവനന്തപുരം: സിനിമ-സീരിയൽ താരം ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. എറണാകുളം തെക്കൻ ചിറ്റൂർ ദേവാങ്കണത്തിൽ മത്തശ്ശേരി തറവാട്ടംഗമായ ദിലീപ് ശങ്കറി(50)നെ ഇന്നലെ ബേക്കറിക്കടുത്ത് വാൻറോസ് ജംഗ്ഷനിലെ ഹോട്ടലിൽ ആറാം നിലയിലെ 604-ാം നമ്പർ മുറിയിലാണ് തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ ഹോട്ടൽ അധികൃതർ കണ്ടത്.
മനോജ് സംവിധാനം ചെയ്ത് ഫ്ളവേഴ്സ് ചാനലിൽ സംപ്രഷണം ചെയ്യുന്ന പഞ്ചാഗ്നി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ്. ഇതിനായി 4 ദിവസം മുൻപാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തതെന്ന് സീരിയൽ അധികൃതർ പറഞ്ഞു. 2 ദിവസം പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ഹോട്ടലിൽ തങ്ങുകയായിരുന്നു.
അടുത്ത ദിവസത്തെ ഷൂട്ടിനെക്കുറിച്ചു പറയാനായി കൺട്രോളർ ദീപു പലതവണ വിളിച്ചെങ്കിലും മൊബൈൽ ഫോൺ എടുത്തില്ല. തുടർന്ന് കൺട്രോളറെ ഹോട്ടലിലേക്ക് അയയ്ക്കുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തി വിളിച്ചെങ്കിലും റൂം അടഞ്ഞു കിടന്നിരുന്നു. മുറിക്കുള്ളിൽ നിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ജനാല വഴി നോക്കിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കന്റോൺമെന്റ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കിയശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ഹോട്ടലിൽ ഫോറൻസിക്,വിരലടയാള വിഭാഗം അധികൃതരെത്തി പരിശോധനകൾ നടത്തി. ദിലീപ് കരൾ രോഗബാധിതനായിരുന്നെന്നും, ചികിത്സയിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ എന്ന സീരിയൽ അടക്കമുള്ളവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ. ചാപ്പ കുരിശ്, 24 നോർത്ത് കാതം തുടങ്ങിയ സിനിമകളിലും ചെറുവേഷങ്ങൾ ചെയ്തിരുന്നു. പ്രജാപതി, ബ്ലാക്ക് എന്നീ സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, മാജിക് എന്ന പേരിൽ ഹാഫ് കുക്ക്ഡ് ഭക്ഷ്യവിഭവങ്ങളുടെ ഒരു സംരംഭവും ദിലീപ് ശങ്കർ നടത്തിയിരുന്നു. എറണാകുളം തെക്കൻ ചിറ്റൂർ പൂരത്തിൽ ദിലീപ് ശങ്കർ ഇടപ്പള്ളി വട്ടേക്കുന്നം പൂരത്തിൽപറമ്പ് ജയശങ്കറിന്റെയും തെക്കൻ ചിറ്റൂർ മത്തശ്ശേരി രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: ദേവ (ബംഗളൂരു), ദ്രുവ (രാജഗിരി സ്കൂൾ വിദ്യാർത്ഥി). കാർട്ടൂണിസ്റ്റും ചിത്രകാരനുമായ മനോജാണ് സഹോദരൻ. കവിയും ഗാനരചയിതാവുമായ ചിറ്റൂർ ഗോപിയുടെ സഹോദരീപുത്രനാണ് ദിലീപ് ശങ്കർ.