
തിരുവനന്തപുരം: ഗതാഗത രംഗത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പല പരിഷ്കാരങ്ങളും ഇപ്പോഴും പേപ്പറിൽ. ആകെ നടപ്പിലായത് ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം കുറയ്ക്കുന്ന പരിഷ്കാരം ഉൾപ്പെടെ ചിലത് മാത്രം. വകുപ്പ് മന്ത്രിയായി കെ.ബി. ഗണേശ്‌കുമാർ എത്തിയപ്പോഴാണ് പല പരിഷ്കാര നിർദ്ദേശങ്ങളും ഉയർന്നതും അതിൽ പലതിനും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി അംഗീകാരവും നൽകിയിരുന്നു. എന്നാൽ പലതും നടപ്പിലായില്ല.
നടപ്പിലാകാത്തവ
ഓട്ടോറിക്ഷകൾക്ക് 'സ്റ്റേറ്റ് പെർമിറ്റ്' അനുവദിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി (എസ്.ടി.എ) ആഗസ്റ്റ് 17ന് തീരുമാനിച്ചു. എതിർപ്പായിരുന്നു കൂടുതൽ. ജില്ലാ അതിർത്തിയുള്ളവർക്ക് നേട്ടം. പക്ഷേ,അപേക്ഷകൾ കുറവെന്ന് വിശദീകരണം.
ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞ നിറം നിർബന്ധമാക്കി. ഡ്രൈവിംഗ് സ്കുളുകാർ എതിർത്തു.
ടൂറിസ്റ്റ് ബസുകൾക്ക് ബഹുവർണ്ണം തിരിച്ചു നൽകാൻ തീരുമാനിച്ചു. വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വെള്ള നിറം മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചു.
റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ഗ്രൗണ്ടിൽ 'എച്ച്' ടെസ്റ്റ് എടുക്കണമെന്ന് തീരുമാനം മണ്ടത്തരമാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതോടെ ഉപേക്ഷിച്ചു.
നടപ്പിലായവ
ഡ്രൈവിംഗ് ടെസ്റ്റുകളിലെ പിഴവ് കുറയ്ക്കുന്നതിനായി പുതിയ ടെസ്റ്റുകളുടെ എണ്ണം ഒരു ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുള്ളിടത്ത് 40 ആയി കുറച്ചു. തോൽപ്പിക്കുന്നവരുടെ എണ്ണം കൂടിയെന്ന് പരാതി
കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിച്ചു. കോർപറേഷന് സാമ്പത്തിക നേട്ടമുണ്ടായി.