തിരുവനന്തപുരം: മലയാള ഭാഷാപ്രതിജ്ഞയുടെ പിതാവിന് ആദരം അർപ്പിച്ച് മലയാളം പള്ളിക്കൂടം ! 2015ൽ മലയാളം പള്ളിക്കൂടത്തിൽ അതിഥിയായെത്തിയ എം.ടി. വാസുദേവൻനായർ എഴുതിയ ഭാഷാപ്രതിജ്ഞ 2018 ൽ സർക്കാർ ഔദ്യോഗികഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ പള്ളിക്കൂടത്തിൽ നടന്ന അനുസ്മരണചടങ്ങിൽ എം.ടിയുടെ ചിത്രത്തിനും ഭാഷാപ്രതിജ്ഞയ്ക്കും മുന്നിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂറും നൂറോളം കുട്ടികളും രക്ഷിതാക്കളും ആദരാഞ്ജലി അർപ്പിച്ചു. ശേഷം കല്ല് സ്ലേറ്റിലെഴുതിയ എം.ടി നോവലുകളുടെ പേരും അദ്ദേഹം പള്ളിക്കൂടത്തിന് എഴുതിക്കൊടുത്ത ഭാഷാപ്രതിജ്ഞയും ഉയർത്തിപ്പിടിച്ച് കുട്ടികൾ 'മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്..."എന്നു തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലി.
തുടർന്ന് എം.ടി യുടെ കാലം, രണ്ടാമൂഴം എന്നീ നോവലുകളിലെ ഏതാനും ഭാഗങ്ങൾ കുട്ടികളായ വന്ദന കൃഷ്ണ, വരദ എന്നിവർ വായിച്ചു.
എം.ടിയുമൊത്തുള്ള ഓരോനിമിഷവും പുണ്യമായിരുന്നു എന്നും കാലഘട്ടത്തിന്റെ മുഴക്കം സൃഷ്ടിക്കുന്നതാണ് എം.ടിയുടെ കഥാപാത്രങ്ങളെന്നും ജോർജ് ഓണക്കൂർ അനുസ്മരിച്ചു. 2015 ൽ മലയാളം പള്ളിക്കൂടത്തിൽ എം.ടി അതിഥിയായി എത്തിയ ക്യാമ്പിൽ പങ്കെടുത്ത അദ്വൈത് പി.ആർ അനുഭവം പങ്കുവച്ചു. മലയാളം പള്ളിക്കൂടം സെക്രട്ടറി ജെസി നാരായണൻ, അദ്ധ്യാപകരായ വട്ടപ്പറമ്പിൽ പീതാംബരൻ, അർച്ചന പരമേശ്വരൻ എന്നിവർ സംസാരിച്ചു.