sevaje-plant

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഖരമാലിന്യ പ്ലാന്റിനോട് ചേർന്നുള്ള സ്ഥലത്ത് പുതിയ സീവേജ് മാലിന്യപ്ലാന്റ് നിർമ്മിക്കാനുള്ള നീക്കം നഗരസഭ മാറ്റി. മാലിന്യ പ്ലാന്റിനായി ആറ്റിങ്ങൽ മാമം പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തുകയും അവിടെ പ്ലാന്റ് സ്ഥാപിക്കാൻ അടുത്തിടെ ചേർന്ന കൗൺസിൽ തീരുമാനമായി.

കേന്ദ്രസർക്കാർ നൽകിയ 4.75 കോടിരൂപ കൊണ്ടാണ് പ്ലാന്റ് നിർമ്മിക്കുന്നത്. നിലവിലെ മാലിന്യസംസ്കരണ പ്ലാന്റിനോട് ചേർന്ന് എഫ്.എസ്.ടി.പി പ്ലാന്റ് തുടങ്ങുവാനായിരുന്നു നഗരസഭയുടെ മുൻ തീരുമാനം. നിലവിലെ പ്ലാന്റിലെ സ്ഥലപരിമിതിമൂലം മാലിന്യം കൃത്യസമയത്തു സംസ്കരിക്കാതെ കുമിഞ്ഞു കൂടുന്നത് പ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടാണെന്നും പുതിയ മാലിന്യ പ്ലാന്റ് നിലവിലെ സ്ഥലത്ത് ആരംഭിച്ചാൽ അതിനെ തടയുമെന്ന് പ്രദേശവാസികൾ ആറ്റിങ്ങൽ നഗരസഭയെ അറിയിച്ചിരുന്നു.

പ്രതിഷേധത്തെ തുടർന്ന് നഗരസഭ എഫ്.എസ്.ടി.പി പ്ലാന്റിനെക്കുറിച്ച് പഠിക്കുന്നതിനായി കൗൺസിൽമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും സംഘം വയനാട്ടിലെ കൽപ്പറ്റ നഗരസഭയിൽ പ്രവർത്തിക്കുന്ന എഫ്.എസ്.ടി.പി മാലിന്യ പ്ലാന്റ് സന്ദർശിച്ചിരുന്നു. യു.ഡി.എഫ് കൗൺസിലർ കെ.ജെ.രവികുമാർ നിലവിലെ മാലിന്യപ്ലാന്റിനോട് ചേർന്ന് പുതിയ പ്ലാന്റ് ആരംഭിക്കാനാകില്ലെന്ന റിപ്പോർട്ട് നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും നൽകി. നഗരസഭ വീണ്ടും ശ്രമിച്ചപ്പോൾ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ആക്ഷൻകൗൺസിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്ലാന്റിന്റെ മുന്നിൽ സമരം ശക്തമാക്കിയതോടെ ജില്ലാ കളക്ടർ സമരസംഘടനാനേതാക്കന്മാരെയും നഗരസഭ കൗൺസിൽമാരെയും യോഗം വിളിച്ചു. യോഗത്തിൽ റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് നൽകി. ശേഷം കളക്ടറുടെ നേതൃത്വത്തിൽ നിലവിലെ പ്ലാന്റ് സന്ദർശിച്ചു.

മാലിന്യപ്ലാന്റ് നിർമ്മിക്കാൻ തീരുമാനം

നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് എഫ്.എസ്.ടി.പി മാലിന്യ പ്ലാന്റ് ആരംഭിക്കാൻ കഴിയില്ലെന്നും അതിനായി നഗരസഭ പുതിയ സ്ഥലം കണ്ടെത്തണമെന്നും സ്ഥലം സന്ദർശിച്ച കളക്ടർ സംഘവും നിർദ്ദേശിച്ചു. തുടർന്ന് പുതിയ സ്ഥലം കണ്ടെത്തുന്നതിനായി നഗരസഭ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മാമം പാലത്തിനു അടുത്തുള്ള റോയൽ ക്ലബിന് സമീപമുള്ള കിഴുവലം വില്ലേജിലെ സർവ്വേ 2961 ൽപ്പെട്ട പുറമ്പോക്ക് ഭൂമിയിൽ മാലിന്യപ്ലാന്റ് നിർമ്മിക്കാൻ തീരുമാനമായി. പുറമ്പോക്ക് ഭൂമി നഗരസഭയ്ക്ക് വിട്ടുനൽകാൻ കളക്ടർക്ക് അപേക്ഷ നൽകുവാൻ കൗൺസിൽ തീരുമാനിച്ചു. കളക്ടറുടെ അനുമതി കിട്ടിയാൽ പ്ലാന്റിന്റെ പണി ആരംഭിക്കുമെന്ന് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് മുട്ടത്തറയിലും എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുള്ളത്. പ്ലാന്റ് നിർമ്മാണം വൈകിയാൽ തുക ലാപ്സാകുമെന്ന കേന്ദ്ര നിർദ്ദേശമാണ് പ്രവർത്തനം വേഗത്തിലാക്കിയത്.