തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്രേഡിയത്തിൽ 64000 ചതുരശ്രയടിയിൽ കൂറ്റൻ ജർമ്മൻ പന്തൽ ഒരുങ്ങുന്നു. ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തിന് ജർമ്മൻ പന്തൽ. പതിനായിരം പേർക്കിരുന്ന് പരിപാടികൾ വീക്ഷിക്കാം. 140 അടി വീതിയും 400 അടി നീളവുമാണ് പന്തലിന്.
പുത്തരിക്കണ്ടത്ത് 40000 ചതുരശ്രയടിയിൽ കൂറ്റൻ ഭക്ഷണ പന്തലും ഒരുങ്ങുന്നുണ്ട്. ഇവിടെ ഒരേസമയം നാലായിരം പേർക്കിരുന്ന് ഭക്ഷണം കഴിക്കാം. അടുക്കള പതിനായിരം ചതുരശ്രയടിയും സ്റ്റോർ റൂം 5000 ചതുരശ്രയടിയുമാണ്! ഭക്ഷണപ്പന്തലിൽ തിരക്കുണ്ടെങ്കിൽ കലാപരിപാടികൾ ആസ്വദിക്കാനായി സമീപം 4000 ചതുരശ്രയടിയിൽ മറ്റൊരു പന്തലും ഒരുക്കുന്നുണ്ട്. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനാണ് പന്തൽക്കമ്മിറ്റിയുടെ ചുമതല.
പഴയിടം രുചി
വീണ്ടും
സംസ്ഥാന കലോത്സവത്തിന്റെ മുദ്രയായി മാറിക്കഴിഞ്ഞ പഴയിടം രുചിയുണ്ണാൻ ഇത്തവണയും പതിനായിരങ്ങളെത്തും.ഇരുപതാം തവണയാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. ജനുവരി മൂന്നിന് അത്താഴത്തോടെയാണ് ഭക്ഷണപ്പന്തൽ സജീവമാകുന്നത്. ദിവസവും ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പഴയിടം സ്‌പെഷൽ പായസവും സ്പെഷൽ വിഭവങ്ങളും ഉണ്ടാവും. അഞ്ച് തൊടുകറികളും മൂന്ന് ഒഴിച്ചുകറികളും ഉൾപ്പെടുന്നതാണ് സദ്യ. പ്രഭാതഭക്ഷണത്തിന് എണ്ണായിരം മുതൽ പതിനായിരം പേരെ പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് ഇരുപതിനായിരത്തോളം പേർ സദ്യയുണ്ണും. രാത്രി ഭക്ഷണത്തിന് എണ്ണായിരത്തിനും പതിനായിരത്തിനുമിടയിൽ ആളുണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂവായിരം തേങ്ങയും പതിമൂവായിരം കിലോ അരിയും ഭക്ഷണത്തിന് വേണ്ടിവരും. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല.
ഇന്നും നാളെയുമായി സ്‌കൂൾതലത്തിൽ കലോത്സവത്തിനായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും. ജനുവരി രണ്ടിന് പന്ത്രണ്ട് ബി.ആർ.സി.കളിൽ നിന്നും പുത്തരിക്കണ്ടത്ത് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംഘാടകസമിതി ചെയർമാനായ മന്ത്രി ജി.ആർ അനിൽ ഏറ്റുവാങ്ങും. ജനുവരി മൂന്നിന് രാവിലെ 10.30 ന് ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി. വി ശിവൻകുട്ടി പുത്തരിക്കണ്ടത്ത് നിർവഹിക്കും. ജനുവരി നാലിന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പ്രഭാതഭക്ഷണം വിളമ്പി ഭക്ഷണപ്പന്തൽ ഉദ്ഘാടനം ചെയ്യും.