തിരുവനന്തപുരം: ആർ.സി.സിയിലെ മെഡിക്കൽ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിൽ ലാബ് ടെക്‌‌നീഷ്യനായ സൂപ്പർവൈസർ പെൻ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തിയെന്ന് പരാതി. ഈ വിഭാഗത്തിന്റെ മേൽനോട്ടചുമതലയുള്ള രാജേഷ്.കെ.ആറിനെതിരെ ഒൻപത് വനിതാ ജീവനക്കാരാണ് ഡയറക്ടർക്കും ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതി നൽകിയത്.എന്നാൽ ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് സ്ഥലം മാറ്റി പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി പരാതിക്കാർ ആരോപിച്ചു. ലബോറട്ടറി സയൻസിൽ യോഗ്യതയുള്ളയാളെ ക്യാഷ് കൗണ്ടറിൽ ഇരുത്തിയിരിക്കുന്നത് പ്രശ്നം ഒതുക്കിത്തീർക്കുന്നതിന്റെ ഭാഗമായാണെന്നും വനിതാ ജീവനക്കാർ പറയുന്നു.ആരോപണവിധേയനെ സസ്‌‌പെൻഡ് ചെയ്യുകയോ പരാതി പൊലീസിന് കൈമാറുകയോ ചെയ്യാതെ അധികൃതർ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. രാജേഷ് വനിതാ ജീവനക്കാരെ ജാതി അധിക്ഷേപം നടത്തുന്നതും ദ്വയാർത്ഥത്തോടെ സംസാരിക്കുന്നതും പതിവാണെന്നും പരാതിയിലുണ്ട്. വിശ്രമമുറിയിൽ വച്ച് ജീവനക്കാർ തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ വാട്സാപ്പിലൂടെ പ്രചരിപ്പിക്കാറുണ്ടെന്നും വനിതാ ജീവനക്കാർ പറയുന്നു. മേലധികാരികൾ ഒരു യോഗത്തിൽ ഈ ഓഡിയോ കേൾപ്പിച്ചതിന് പിന്നാലെ വൈകിട്ട് ജീവനക്കാരിൽ ഒരാളെ വിളിച്ച് ‌ഞാനാണിത് റെക്കാഡ് ചെയ്തതെന്നും രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി ഇത് അയച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതായും പരാതിയിലുണ്ട്. ജീവനക്കാർ വസ്ത്രം മാറാൻ ഉൾപ്പെടെ ഉപയോഗിക്കുന്ന മുറിയിൽ ഇത്തരത്തിൽ ഇയാൾ ദൃശ്യങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ചിട്ടുണ്ടാകുമെന്ന ആശങ്കയും വനിതാ ജീവനക്കാർ പരാതിയിൽ ഉന്നയിച്ചു.