തിരുവനന്തപുരം: ലാൻഡിംഗിനിടെ വിമാനത്തിൽ പക്ഷിയിടിക്കുന്നത് എൻജിൻ തകരാറിലാകുന്നതിനും തീപിടിത്തത്തിനുമടക്കം ഇടയാക്കും. അപ്രതീക്ഷിത പക്ഷിയിടിയിൽ പൈലറ്റിന്റെ ശ്രദ്ധമാറി വിമാനം തെന്നിമാറാനുള്ള സാദ്ധ്യതയുമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. വിമാനം ലാൻഡിംഗിനായുള്ള ശ്രമം തുടങ്ങുമ്പോൾ തന്നെ ലാൻഡിംഗ് ഗിയറുകൾ താഴും. വിമാനം താഴ്ന്ന നിലയിലെത്തുമ്പോൾ എപ്പോൾ വേണമെങ്കിലും പക്ഷിയിടിക്ക് സാദ്ധ്യതയുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരം വിമാനത്താവളങ്ങളിലെ പക്ഷികളുടെ സാന്നിദ്ധ്യം എത്രയാകാമെന്ന് നിർവചിച്ചിട്ടുണ്ട്. പക്ഷിയിടി ഒഴിവാക്കാൻ ഇന്ത്യയിൽ എയർപോർട്ട് അതോറിട്ടിക്ക് നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാം. എന്നാൽ, നിയമപരമായ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ്.

വിമാനത്താവളങ്ങളുടെ പരിസരത്ത് യാതൊരു കാരണവശാലും അറവുശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്നും പാർലമെന്റ് പാസാക്കിയ നിയമത്തിലുണ്ട്. എന്നാൽ, അത് പാലിക്കാൻ കേരളത്തിലടക്കം സാധിക്കുന്നില്ല. പ്രാദേശിക പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇതിൽ നിന്ന് പിന്നോട്ടു പോകുന്നത്.