p

തിരുവനന്തപുരം: ജനുവരി 4 മുതൽ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് മൂന്നിന് കലോത്സവ വേദിയിലെത്തും. കാസർകോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട്ട് രാവിലെ 9.30ന് ആദ്യ സ്വീകരണം നൽകും. തുടർന്ന് പട്ടം സെന്റ് മേരീസ് സ്കൂളിലും സ്വീകരണമൊരുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് സമ്മാനിക്കുന്നത്. കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂരാണ് ജേതാക്കളായത്.

ജനുവരി 4ന് രാവിലെ 10ന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരവും വേദിയിൽ അവതരിപ്പിക്കും. വയനാട്, വെള്ളാർമല സ്‌കൂളിലെ വിദ്യാർത്ഥികളും നൃത്ത ശില്പമൊരുക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 15,​000 കലാപ്രതിഭകൾ മാറ്റുരയ്ക്കും.

ഇന്നും നാളെയുമായി സ്കൂൾതലത്തിൽ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ജനുവരി രണ്ടിന് സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങും. 3ന് രാവിലെ 10.30ന് ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി വി.ശിവൻകുട്ടി പുത്തരിക്കണ്ടത്ത് നിർവഹിക്കും. വൈകിട്ട് മുതൽ ഭക്ഷണം വിതരണം ചെയ്തുതുടങ്ങും. 4ന് പ്രഭാത ഭക്ഷണം ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിളമ്പി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് മികച്ച താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും 10 റിസർവ് കേന്ദ്രങ്ങളുമൊരുക്കിയിട്ടുണ്ട്.

ബാർകോഡ് സ്കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ട്

വിദ്യാർത്ഥികൾക്ക് ബാർകോഡ് സ്‌കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ട്,​ ലൊക്കേഷൻ,​ ബന്ധപ്പെടേണ്ട നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുമുതൽ വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കും. എല്ലാ വേദികളിലും ശുദ്ധീകരിച്ച കുടിവെള്ള വിതരണവും വേദികളിലും താമസസ്ഥലത്തും ആംബുലൻസ് സംവിധാനവുമുണ്ടാകും. രണ്ടു,​ മൂന്നു വേദികൾ സംയോജിപ്പിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ സേവനവുമൊരുക്കും.