തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയും മിന്നലുമുള്ള രാത്രിയിൽ റാന്തൽ വെളിച്ചത്തിൽ കവിതയെഴുതുകയായിരുന്ന ശ്രീധരൻ മാഷിന്റെ വീടിന്റെ വാതിലിൽ ഒരു മുട്ടൽ കേട്ടു. 'നീ ആരാണ് പെണ്ണെ..." എന്ന മാഷിന്റെ ചോദ്യത്തിന് 'ഏൻ നീലിയാണ് തമ്പ്രാനെ" എന്ന ഭയം കലർന്ന ഉത്തരം. 70 വർഷങ്ങൾക്കിപ്പുറം 'നീലക്കുയിൽ" എന്ന സിനിമ നാടകമായി ടാഗോർ തിയേറ്ററിലെ അരങ്ങിലെത്തിയപ്പോൾ സദസ് നൽകിയത് നിറകൈയടി. ഞാൻ തമ്പ്രാൻ അല്ലെന്ന് ശ്രീധരൻ പറയുമ്പോൾ നീലി സ്നേഹത്തോടെ അയാളെ വിളിക്കും, മാഷമ്പ്രാനെന്ന്. പി.ഭാസ്കരൻ രചിച്ച് കെ.രാഘവൻ ഈണമിട്ട ചിത്രത്തിലെ പാട്ടുകൾ നാടകത്തിലും ഉപയോഗിച്ചിട്ടുണ്ട്. തലമുറകൾ ഏറ്റുപാടിയ 'എല്ലാരും ചൊല്ലണ്..." എന്ന പാട്ടിന് സദസും താളമിട്ടു. 1954ൽ ഉറൂബിന്റെ രചനയിൽ പി.ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ സത്യനും മിസ് കുമാരിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നാടകത്തിൽ ഈ വേഷങ്ങൾ ചെയ്തത് ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നർത്തകി സിത്താര ബാലകൃഷ്ണനും. ആർ.എസ്.മധു രചിച്ച നാടകം സംവിധാനം ചെയ്തത് സി.വി. പ്രേംകുമാറാണ്. നീലക്കുയിലിൽ ബാലവേഷത്തിലെത്തിയ ഛായാഗ്രാഹകൻ വിപിൻ മോഹൻ, സി.വി. പ്രേംകുമാർ, നടൻ അലിയാർ, ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം, നടൻ യദുകൃഷ്ണൻ, മല്ലികാ നമ്പൂതിരി, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഹരി എന്നിവർ ചേർന്ന് നാടകത്തിന്റെ ആദ്യ അവതരണം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ പ്രവീൺകുമാർ,സജനചന്ദ്രൻ,മൻജിത്ത്,റജുല മോഹൻ,ശ്രീലക്ഷ്മി,ശങ്കരൻകുട്ടി നായർ,കാശിനാഥൻ എന്നിവർ മറ്റുകഥാപാത്രങ്ങളെ ഹൃദ്യമാക്കി. പി.ഭാസ്കരന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് നൽകുന്ന സമർപ്പണമാണ് നാടകമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.