
വിഴിഞ്ഞം: ചിപ്പി കോളനികൾ മൺമറഞ്ഞതോടെ കടൽ ചിപ്പി ലഭ്യത കുറയുന്നു.വിത്ത് ചിപ്പിയുടെ അമിതോപയോഗമാണ് ചിപ്പി ലഭ്യതയുടെ കുറവിന് കാരണമെന്ന് ചിപ്പി തൊഴിലാളികൾ പറയുന്നു.ഏതാനും വർഷങ്ങൾക്ക് മുൻപ് സുലഭമായി ലഭിച്ചിരുന്ന വലിയ ചിപ്പികൾ (മുതുവ) കഴിഞ്ഞ രണ്ട് വർഷമായി ലഭിക്കാറില്ല. ഇത്തവണ ചിപ്പിയെടുക്കാൻ വിഴിഞ്ഞം പ്രദേശത്തെ കടലിൽ ഇറങ്ങിയവർക്ക് ലഭിച്ചത് വളരെ കുറച്ച് ചിപ്പികളാണെന്ന്
മത്സ്യത്തൊഴിലാളികൾ പറയുന്നു.ലഭിച്ചതിനാകട്ടെ വൻ വിലയും 100 ചിപ്പി 2000ത്തോളം രൂപയ്ക്കാണ് വിറ്റുപോയത്.
ഒരു ചെറിയ ചിപ്പി വളർന്ന് വലുതാകാൻ ഒന്നര വർഷത്തോളമെടുക്കും.എന്നാൽ എല്ലാ വർഷവും വളർച്ചയെത്തും മുൻപ് തന്നെ ഇവയെ പിടികൂടുകയാണ്.
സാധാരണയായി രണ്ടിനം ചിപ്പികളാണ് കേരളത്തീരത്തെ കടലുകളിൽ കാണുന്നത് പച്ച, ബ്രൗൺ എന്നീ നിറത്തോടുകൂടിയ പുറംതോടുള്ളവയാണിവ.ഇതിൽ വർക്കല മുതൽ പൂവാർ വരെയുള്ള കടൽത്തീരങ്ങളിൽ ബ്രൗൺ നിറത്തോടുകൂടിയ ചിപ്പിയാണ് കാണപ്പെടുന്നത്. ഈ ഭാഗത്തെ കടലിന്റെ അടിത്തട്ടിൽ ചെളി കുറഞ്ഞ് മണൽപ്പരപ്പ് ആയതിനാൽ ഇവയ്ക്ക് രുചിയും കൂടുതലാണ്.മറ്റ് സ്ഥലങ്ങളിലേത് കൂടുതലും അടിത്തട്ടിൽ ചെളിയോടുകൂടിയ സ്ഥലത്ത് വളരുന്നതിനാൽ രുചിയും കുറവാണ്.വിഴിഞ്ഞം ചിപ്പിക്ക് പ്രദേശിക മാർക്കറ്റിൽ വൻ ഡിമാൻഡാണ്.
കടൽ ചിപ്പി
കടലിൽ പാറക്കെട്ടുകളിലും പരുപരുത്ത പ്രതലങ്ങളിലും ഇവയുടെ ബൈസെൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന നാരുപോലുള്ള വസ്തു ഉപയോഗിച്ച് പറ്റിപ്പിടിച്ചിരിക്കുന്നു.കടൽ മലിനീകരണം ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സൂക്ഷ്മ പ്ലാസ്റ്റിക്കുകളെയും കടൽ മാലിന്യങ്ങളെയും ഭക്ഷിച്ച് അവശേഷിക്കുന്ന ജലം ശുദ്ധീകരിച്ച് പുറംതള്ളുന്നു.ഇങ്ങനെ ഒരു ദിവസം 25 ലിറ്ററോളം ജലം ശുദ്ധീകരിക്കാൻ കഴിവുണ്ട്. ഇവയുടെ മാംസത്തിന് കാത്സ്യം കൂടുതലാണ്.