photo

നെടുമങ്ങാട്: മനസുകളിലെ ഇരുട്ടകറ്റുന്നതിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും ലൈബ്രറികൾ നാടിന്റെ നിലവിളക്കാണെന്നും മന്ത്രി ജി.ആർ.അനിൽ. പുതുതലമുറ ഗ്രന്ഥശാലകളിലെത്തണം. ഇതിനായി സംസ്ഥാന, ജില്ലാ,താലൂക്ക് ലൈബ്രറി കൗൺസിലുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന ഭാവനാപരമായ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. അരശുപറമ്പ്‌ കർഷകസഹായി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. ബിനു കുമാർ.വി അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി പി.ജി. പ്രേമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ,സംഘാടക സമിതി വൈസ് ചെയർമാന്മാരായ എസ്.എസ്. ബിജു,പാളയം സതീഷ്,കൗൺസിലർ എം.എസ്.ബിനു,മുൻ ചെയർമാൻ കെ.സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജു വി.നാഥ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി- പ്ലസ് ടു ഉന്നത വിജയികൾ, മികച്ച കർഷകർ എന്നിവരെ ആദരിച്ചു. കലാകായിക മത്സര വിജയികൾക്ക് സമ്മാനദാനവും കലാപരിപാടികളും നടന്നു.