
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി പകൽ താപനിലയിൽ നേരിയ വർദ്ധനയ്ക്ക് സാദ്ധ്യത. കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ദിവസം ശരാശരിയിൽ നിന്ന് രണ്ട് ഡിഗ്രിവരെ താപനില ഉയർന്നിരുന്നു. കണ്ണൂരിൽ 36.2, കോട്ടയത്ത് 34.5, കോഴിക്കോട്ട് 35 ഡിഗ്രിവരെ ഇന്നലെ രേഖപ്പെടുത്തി. പുനലൂരിൽ 34 ഡിഗ്രിയും. വടക്കേയിന്ത്യയിൽ നിന്ന് വീശുന്ന ശീതക്കാറ്റിന്റെ പശ്ചാത്തലത്തിൽ മൂന്നു ദിവസം കഴിഞ്ഞ് താപനിലയിൽ കുറവുണ്ടാകും. മദ്ധ്യ, തെക്കൻ ജില്ലകളിൽ മൂന്നു ദിവസം ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യത.