തിരുവനന്തപുരം: വീടിന് മുന്നിലെ ബൈക്ക് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റയാൾ മരിച്ചു. നഗരസഭ കമലേശ്വരം വാർഡ് കൗൺസിലർ വിജയകുമാരിയുടെ സഹോദരൻ മണക്കാട് എസ്.എൻ.ഡി.പി ലെയിൻ ടി.സി 43/28(1) ചക്കണ്ട് വിളാകത്ത് വിജയകുമാറാണ് (57) മരിച്ചത്. ഡിസംബർ 4നായിരുന്നു സംഭവം.

വിജയകുമാരിയുടെ മകനെ കാണാനെത്തിയ സുഹൃത്ത് വീടിന് മുമ്പിൽ ബൈക്ക് പാർക്ക് ചെയ്തത് സമീപവാസിയായ ഡോ.ആമീൻ മുഹമ്മദ് ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. ബൈക്ക് പാർക്ക് ചെയ്‌തതുകാരണം ആമീന്റെ കാറിന് പോകാൻ തടസമുണ്ടായി. ബൈക്ക് മാറ്രാൻ മറ്റൊരു സമീപവാസി ശ്രമിച്ചെങ്കിലും ഭാരം പ്രശ്‌നമായി. തുടർന്ന് ആമീൻ മുഹമ്മദിനോടു തന്നെ ബൈക്ക് മാറ്രാമോയെന്ന് വിജയകുമാരി ചോദിച്ചതിൽ പ്രകോപിതനായ ആമീൻ, കാറിൽ നിന്നിറങ്ങി ബൈക്ക് തള്ളിയിടുകയും വിജയകുമാരിയോട് തട്ടിക്കയറുകയുമായിരുന്നു. ബഹളം കേട്ടെത്തിയ സഹോദരൻ വിജയകുമാറിനെ ആമിൻ പൊക്കി നിലത്തിട്ട് മർദ്ദിച്ചു. വിജയകുമാരിക്കും വിജയകുമാറിന്റെ മകൻ അനൂപിനും മർദ്ദനമേറ്റു.

പ്രമേഹം ബാധിച്ച് കാലിലെ വിരൽ മുറിച്ചുമാറ്രിയതിനെ തുടർന്ന് വിശ്രമത്തിലിരിക്കേയാണ് വിജയകുമാറിന് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആദ്യം ഗവൺമെന്റ് ആയുർവേദ കോളേജിലും ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

ആക്രമണത്തിൽ ശസ്ത്രക്രിയ നടത്തിയ കാലിലെ ഞരമ്പിൽ രക്തയോട്ടം ഇല്ലാതായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുളള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: പ്രവീണ. ആക്രമണത്തെ തുടർന്ന് ഡോ.ആമീൻ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.