
പാലോട്: മലയോര ഹൈവേ നിർമ്മാണം ഈ 31 നകം പൂർത്തിയാക്കുമെന്ന് ഒക്ടോബർ 17ന് മന്ത്രി നൽകിയ ഉറപ്പ് പാഴ്‌വാക്കാകുന്നു. തെന്നൂർ പാലത്തിന്റെ പുനർനിർമ്മാണത്തിന് 5.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡി.കെ. മുരളി എം.എൽ.എയെ അറിയിച്ചപ്പോഴാണ് മലയോര ഹൈവേയുടെ മെല്ലെ പോക്കിനെക്കുറിച്ച് പരാമർശിക്കുകയും 31നുള്ളിൽ പണിപൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി കരാർ കമ്പനിക്കെതിരെ കൈകൊള്ളുമെന്ന് അറിയിക്കുകയും ചെയ്തത്. 2022ൽ പൂർത്തിയാക്കേണ്ട മലയോര ഹൈവേ പദ്ധതിയിൽ സൗജന്യമായി ഭൂമി വിട്ടുകിട്ടലും കോടതി നടപടികളും പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഡിസംബർ 31 നുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വന്നതോടെ ഏകദേശം നിശ്ചലമായ മലയോര ഹൈവേ വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയുണ്ടായിയെങ്കിലും അതും അസ്തമിച്ചു.
 നീളെ നീളെ...
സംസ്ഥാനത്തിനാകെ അഭിമാനമാകേണ്ട മലയോര ഹൈവേയുടെ നിർമ്മാണം ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിൽ നിശ്ചലമായിട്ട് വർഷം ഒന്നര കഴിഞ്ഞു. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മലയോര ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചവരും നിരശായിലാണ്. 2022ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ച ഹൈവേ 2024ആയിട്ടും എങ്ങുമെത്തിയിട്ടില്ല. ഈ രീതി തുടർന്നാൽ ഹൈവേ നിർമ്മാണം എന്നുതീരുമെന്ന് ഒരുപ്രതീക്ഷയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നിർമ്മാണം നിശ്ചലം
സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ഒൻപത് മീറ്റർ റോഡും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഓടയും എന്ന രീതിയിലാണ് റോഡ് നിർമ്മിക്കേണ്ടിയരുന്നത്. നേരത്തെ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ എത്തി ഇരുവശങ്ങളിലെയും പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി അളന്ന് കല്ലിട്ടിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരും ഭൂമി അളന്നു. ഇക്ബാൽ കോളേജ് മുതൽ കൊച്ചുകരിക്കകം പാലം വരെ ഇരുവശത്തും സ്ഥലം ഒരുപോലെ ഏറ്റെടുത്തിരുന്നു. ഇരുവശത്തേയും മതിലും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ തെന്നൂർ ജംഗ്ഷനിൽ ഒരുവശത്ത് മാത്രമുള്ള കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയെന്ന പരാതിയിൽ കളക്ടർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെങ്കിലും നിർമ്മാണം നിശ്ചലമാണ്.
 വീണ്ടും ഫണ്ടനുവദിച്ചു
മലയോര ഹൈവേയിൽ ഉൾപ്പെടുന്ന പെരിങ്ങമ്മല വിതുര റോഡിന്റെ നിർമ്മാണത്തിനായി 45.25 കോടി രൂപക്ക് സാമ്പത്തികാനുമതിയും 47.98 കോടി രൂപക്ക് സാങ്കേതികാനുമതിയും നൽകി. വാമനപുരം നിയോജക മണ്ഡലത്തിൽ 7.45 കിലോമീറ്ററും അരുവിക്കര മണ്ഡലത്തിൽ 2 കിലോമീറ്റർ സ്ട്രച്ചുമാണ് വികസിപ്പിക്കുന്നത്. 12 മീറ്റർ വീതിയിൽ ഡിസൈൻഡ് റോഡായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. മലയോര ഹൈവേ നിർമ്മാണത്തിൽ നിലവിൽ 8 കിലോമീറ്റർ ഡി.ബി.എം അടക്കം 70 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി.