വിതുര: ആവശ്യത്തിന് ജീവനക്കാരില്ലാതെ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു. ഡിപ്പോയിൽ ആവശ്യത്തിന് ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാതായാതോടെ ബസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങി. ഒപ്പം ശബരിമല സർവീസ് കൂടി ആരംഭിച്ചതോടെ പമ്പാസർവീസിനായി ബാക്കിയുള്ള ബസിൽ ചിലതും കൊണ്ടുപോയി. ഇതോടെ ഡിപ്പോയിലെ യാത്രാദുരിതം ഇരട്ടിച്ചു. ഡിപ്പോയിൽ പത്തോളം ഡ്രൈവർമാരുടേയും,കണ്ടക്ടർമാരുടേയും കുറവുള്ളതായി പറയുന്നു. ഡ്രൈവർഇല്ലാത്തതുമൂലം ഇന്നലെ പനയ്ക്കോട്ടേക്കുള്ള സർവീസ് ക്യാൻസൽചെയ്യേണ്ടിവന്നു. ഇതോടെ ഈ ബസിനായി കാത്തുനിന്നവർ വഴിയാധാരമായി. മിക്കദിവസവും ഇതുതന്നെയാണ് അവസ്ഥ. ജീവനക്കാരില്ലാതാകുമ്പോൾ പെട്ടെന്ന് പല സർവീസുകളും ക്യാൻസൽ ചെയ്യേണ്ട അവസ്ഥ.വിതുര ഡിപ്പോപ്രവർത്തനം ആരംഭിച്ചപ്പോൾ അനവധി ദീർഘദൂരസർവീസുകൾ ആരംഭിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്.

 യാത്രാക്ലേശം ഏറെ

എംപാനൽഡ്രൈവർമാരെ നിയമിക്കുവാനായി സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിലും മിക്ക ഡിപ്പോകളിലും ഇതുവരെ പോസ്റ്റിംഗ് നടത്തിയിട്ടില്ല. ജീവനക്കാരുടെകുറവുമൂലം സർവീസ് തടസപ്പെടുന്നതായി ചൂണ്ടിക്കാട്ടി ചീഫ്ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല. മലയോരമേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരംകാണുന്നതിനായി കാൽനൂറ്റാണ്ട് മുമ്പ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച വിതുര ഡിപ്പോ ഇന്ന് യാത്രാക്ലേശത്താൽ വീർപ്പുമുട്ടുകയാണ്. പ്രധാനറൂട്ടുകളിൽ വരെ യാത്രാദുരിതം വർദ്ധിച്ചിരിക്കുയാണ്.

 വലഞ്ഞ് വിദ്യാർത്ഥികൾ

വിതുര നെടുമങ്ങാട് റൂട്ടിലെ അവസ്ഥ പരിതാപകരമാണ്. വൈകിട്ടാണ് ഏറെ ബുദ്ധിമുട്ട്. അതിനാൽ വിദ്യാർത്ഥികൾ നെടുമങ്ങാട് നിന്നും ബസിൽ കയറണമെങ്കിൽ ഇടിയും തൊഴിയും നടത്തണം. ഡിപ്പോയിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെടുന്നതുമൂലം വഴിമദ്ധ്യേ ബസ് നിറുത്തി യാത്രക്കാരെ കയറ്റാൻ കഴിയാറില്ല. ഇത് സംബന്ധിച്ച് അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി റൂട്ടിലും യാത്രാക്ളേശം നിലനിൽക്കുന്നുണ്ട്. അതേസമയം യാത്രാക്ലേശം പരിഹരിക്കുന്നതിനായി നെടുമങ്ങാട്, ആര്യനാട്, പാലോട് ഡിപ്പോകളിൽ നിന്നും വിതുരയിലേക്ക് കൂടുതൽസർവീസുകൾ ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.