
കല്ലമ്പലം: 92 -ാ മത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ എസ്.എൻ.സി.പി യൂണിറ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് കടുവയിൽ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കടുവാപ്പള്ളി അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദിൻ ജാഥ ക്യാപ്റ്റൻ പ്രസന്ന സുകുമാരനെയും വൈസ് ക്യാപ്റ്റൻ രമേശിനെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു. മതേതരത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ശിവഗിരി തീർഥാടനത്തിന് തെക്കൻ കേരളത്തിന്റെ പ്രമുഖ മതേതര കേന്ദ്രമായ കടുവയിൽ മുസ്ലീം ജമാഅത്ത് നൽകിയ സ്വീകരണം വലിയ പ്രാധാന്യം ഉള്ളതാണെന്ന് ജാഥ ഭാരവാഹികൾ പറഞ്ഞു.ട്രസ്റ്റ് സെക്രട്ടറി എ.എം.എ റഹീം, ട്രഷറർ മുഹമ്മദ് ഷഫീക്, ട്രസ്റ്റ് ഭാരവാഹികളായ എം.എസ് ഷഫീർ, അസ്മിർ തുടങ്ങിയവർ പങ്കെടുത്തു.