
ശിവഗിരി: സങ്കീർണ്ണമായ വർത്തമാന കാലഘട്ടത്തിൽ സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ഔഷധമാണ് ഗുരുദർനമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിന് ഗുരുതരമായ ഭീഷണി നേരിടുന്ന ഘട്ടത്തിൽ മഹാപർവ്വതം കണക്കെ ശിരസ്സുയർത്തി നിന്ന് അതിനെ ചെറുക്കുന്നത് ശ്രീനാരായണ ദർശനമാണ്.ശിവഗിരി തീർത്ഥാടന ഉദ്ഘാടന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയും വിദ്വേഷവും വളർന്ന് പന്തലിക്കുന്നു. മൗലികവാദം എല്ലാ സീമകളെയും ലംഘിച്ച് ക്യാൻസർ പോലെ പടർന്ന് കയറുകയാണ്. ചരിത്രം വളച്ചൊടിക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. പാഠ പുസ്തകങ്ങൾ തിരുത്തി എഴുതപ്പെടുന്നു. ചിരപ്രതിഷ്ഠരായ , ദേശീയ ബിംബങ്ങളായ നേതാക്കൾ പോലും ഹൈജാക്ക് ചെയ്യപ്പെടുകയാണ്.ഗുരുദേവൻ ഒരിക്കലും മനുഷ്യനെ മാറ്റി നിറുത്തി മതത്തെ പ്രതിഷ്ഠിക്കാൻ അനുവദിച്ചിട്ടില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന സന്ദേശത്തിലൂടെ മനുഷ്യ ജീവിതത്തിൽ മതത്തിന്റെ പ്രസക്തിയെ അദ്ദേഹം ഇല്ലായ്മ ചെയ്തു. ഇന്ത്യൻ സമൂഹം മതേതരത്വമെന്ന ആശയത്തെ ചർച്ചയ്ക്ക് പോലും എടുക്കാതിരുന്ന കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും മതേതരമായ പ്രസ്താവന ഗുരുദേവൻ നടത്തിയത്. എത്ര ലളിതവും അഗാധവുമാണ് ആ സന്ദേശം.
.ഗുരു നല്ല വൈദ്യനായിരുന്നുവെന്ന് സ്വാമി രംഗനാഥ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗതിക ചികിത്സ മാത്രമല്ല, നല്ല ആദ്ധ്യാത്മിക ചികിത്സകനുമായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടനത്തിലും സംഭവിക്കുന്നത് അതാണ്. സമൂഹത്തെയാണ് തീർത്ഥാടനത്തിലൂടെ അദ്ദേഹം ചികിത്സിക്കുന്നത്.ജാതിഭേദത്തെ വേരോടെ പിഴുതെറിയാൻ പര്യാപ്തമായ തത്വശാസ്ത്രമായി അദ്വൈതത്തെ ഗുരു പ്രയോജനപ്പെടുത്തി. അദ്വൈതത്തെ സാമൂഹ്യ പരിഷ്കരണത്തിനുള്ള ആയുധമാക്കി മാറ്റി. ശങ്കരാചാര്യരുമായുള്ള ഗുരുവിന്റെ വ്യത്യാസം അതാണ്.
ഗുരുദേവൻ പിഴുതെറിയാൻ ശ്രമിച്ച ജാതി ചിന്തയും ജാതിഭേദവും ജീവിതത്തിന്റെ സമസ്ത മേഖലകളിലും വീണ്ടും തലപൊക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.