
ജനങ്ങൾ തിങ്ങിക്കൂടുമെന്ന് മുൻകൂട്ടി അറിയാവുന്ന ചടങ്ങുകൾക്കു പാലിക്കേണ്ട ചില സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഈ സുരക്ഷാ നടപടികൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട അധികൃതരുമുണ്ട്. എന്നാൽ പലപ്പോഴും അപകടങ്ങൾ ഉണ്ടായതിനു ശേഷമാണ് ഉത്തരവാദിത്വമുള്ളവർ ഉണരുന്നത്. പിന്നീട് പരസ്‌പരം ആരോപണങ്ങൾ നിരത്തി വീഴ്‌ചയുടെ യഥാർത്ഥ കാരണം പുകമറയിലാക്കുകയാണ് സാധാരണ സംഭവിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിൽ നിന്ന് 15 അടിയോളം താഴ്‌ചയിലേക്കു വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവം മതിയായ സുരക്ഷാ ഏർപ്പാടുകൾ ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്നതാണ്.
സുരക്ഷയെപ്പറ്റി യാതൊരു ധാരണയും വൈദഗ്ദ്ധ്യവും ഇല്ലാത്തവരെ സ്റ്റേജ് കെട്ടാൻ നിയോഗിച്ചാൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കമ്പികൾകൊണ്ടോ ഉറപ്പുള്ള പ്ളാസ്റ്റിക് പൈപ്പുകൾ കൊണ്ടോ കൈവരി കെട്ടേണ്ടിടത്ത് തുണിനാട പിടിച്ചുകെട്ടിയിരുന്നതാണ് പ്രധാനമായും അപകടത്തിന് ഇടയാക്കിയത്. സ്‌റ്റേഡിയത്തിന്റെ താഴത്തെ ഗ്യാലറിക്കു മുകളിൽ താത്‌കാലികമായി കെട്ടിയതായിരുന്നു പ്രധാന വേദി. വേദിയിലെ കസേരകൾക്കു മുന്നിൽ കഷ്ടിച്ച് രണ്ടടി വീതിയേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അരികിൽ മുൻകരുതൽ എന്ന നിലയിൽ കെട്ടിയിരുന്നത് ഒരു നാട മാത്രം! കസേരയിൽ ഇരുന്ന ഉമാ തോമസ് എഴുന്നേറ്റ് വശത്തേക്കു നീങ്ങുന്നതിനിടെ കാർപ്പെറ്റിൽ കാൽ തട്ടി ബാലൻസ് തെറ്റിയപ്പോൾ രക്ഷയ്ക്കായി പിടിച്ചത് നാടയിലാണ്. അതു പൊട്ടിയാണ് അവർ മുഖമിടിച്ച് താഴെ കോൺക്രീറ്റ് തറയിൽ വീണത്.
ഗുരുതരമായ പരിക്കുകളിൽ നിന്ന് അവർ എത്രയും വേഗം മോചിതയാകട്ടെ എന്ന് പ്രാർത്ഥിക്കാം.
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട്, നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരന്ന ഭരതനാട്യമായിരുന്നു അവിടെ നടന്ന ചടങ്ങ്. വയനാട്ടിലെ 'മൃദംഗ വിഷൻ മാഗസിൻ" ആയിരുന്നു സംഘാടകർ. സ്റ്റേജ് കെട്ടാനും മറ്റും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഏൽപ്പിക്കുകയാണ് പതിവ്. ഇത്തരം ആൾക്കൂട്ട പരിപാടികൾക്ക് സ്റ്റേജ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഗ്രൂപ്പുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കണ്ടെത്തി ലിസ്റ്റ് ചെയ്യണം. ഇത്തരം അംഗീകാരം ലഭിച്ചവർ വേണം ഇതുപോലുള്ള വേദികൾ തീർക്കാൻ നിയോഗിക്കപ്പെടേണ്ടത്. ഇത് നിർമ്മാണ ഘട്ടത്തിലും പൂർത്തിയാതിനു ശേഷവും പരിശോധിച്ച് അനുമതി നൽകാനുള്ള ബാദ്ധ്യത തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉള്ളതാണ്. ഇതൊന്നും ഇവിടെ പലപ്പോഴും പാലിക്കാത്തതാണ് ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
കഴിഞ്ഞ വർഷം കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ആരംഭിച്ചതിനു പിന്നാലെ മഴ പെയ്തതോടെ പുറത്തെ ഗേറ്റ് തുറന്ന് ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അവിടെ അപകടത്തിനിടയാക്കിയത്. കലൂർ അപകടത്തിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു. വൻ ജനക്കൂട്ടം ഉണ്ടാകുന്നിടത്ത് പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് റവന്യു വകുപ്പിനു കീഴിലുള്ള ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊക്കെ കടലാസിൽ ഉറങ്ങുകയാണ് ചെയ്യുന്നത്. ഇതൊക്കെ കർശനമായി നടപ്പാക്കുന്നതിന് സത്വര നടപടികൾ സർക്കാർ സ്വീകരിക്കണം.