1

വിഴിഞ്ഞം: പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിക്കായുള്ള കെട്ടിടനിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്താനാകാതെ അധികൃതർ.കെട്ടിടത്തിൽ ഉപകരണങ്ങളില്ലാത്തതാണ് ഉദ്ഘാടനത്തിന് പ്രതിസന്ധിയായിരിക്കുന്നത്.

ഫണ്ടില്ലാത്തതിനാൽ ഉപകരണങ്ങൾ വാങ്ങാനാകുന്നില്ലെന്ന് ക്ലീൻ - കേരള മിഷൻ അധികൃതർ പറയുന്നു. അതേസമയം ഒരു കോടി 10 ലക്ഷത്തോളം വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ഏകദേശം തുകയും നൽകി കഴിഞ്ഞതായി ബന്ധപ്പെട്ടവർ പറഞ്ഞു.

കോർപ്പറേഷൻ, സിവിൽ അധികൃതർക്ക് ഇതുസംബന്ധിച്ച കത്തുനൽകി കാത്തിരിക്കെയാണെന്ന് ക്ലീൻ കേരള മിഷൻ അധികൃതർ വിശദീകരിച്ചു.

നഗരസഭയിലെ 5 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മ‌ാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് പുനഃരുപയോഗിക്കാനാണ്‌ പദ്ധതി.

വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്ക്ക് നൽകിയ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചത്. നിലവിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ചുറ്റുമതിലും നിർമ്മിച്ചു. പരിസരത്തെ തറയുൾപ്പെടെയുള്ളവ കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. ഉപകരണങ്ങളെത്തി അവ സ്ഥാപിച്ചാൽ ഉദ്ഘാടനം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

പ്രവർത്തനം ഇങ്ങനെ

ദിവസവും ഒരു ടൺ പ്ലാസ്റ്റിക്‌ പൊടിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്ലാന്റിന്റെ നിർമ്മാണം.പ്രദേശവാസികളായ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് മികച്ച വരുമാനവും ഇതിലൂടെ ലഭിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയശേഷം പ്ലാന്റിലൂടെ കടത്തിവിട്ട് കല്ലും കുപ്പി ചില്ലുകളുമടക്കമുള്ളവ നീക്കും.ശേഷം 6 മൈക്രോണിന്‌ താഴെയുള്ള പ്ലാസ്റ്റിക്ക് പൊടിരൂപത്തിലും മറ്റുള്ളവ കട്ടകളുമാക്കും.

എന്ത് ചെയ്യും

പൊടിച്ചശേഷം കട്ടകളായി മാറ്റുന്നവ റോഡ് ടാറിംഗിനും,തരികളാക്കുന്നവ പലതരം ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമാണ് പദ്ധതി.മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്റർ (എം.ആർ.എഫ്) എന്ന പേരിലാണ് പ്ലാന്റ് ആരംഭിക്കുന്നത്.