japthi

സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങൾ അടുത്തകാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റുന്നത് രണ്ടു കാരണങ്ങളാലാണ്. നിക്ഷേപകരുടെ പണം ആസൂത്രിതമായി അടിച്ചുമാറ്റി സ്ഥാപനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ വഴിയില്ലാതെ ജപ്തിയിലേക്കും ആത്മഹത്യയിലേക്കും വരെ വായ്പക്കാരനെ കൊണ്ടുചെന്നെത്തിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥ നാട്ടിൽ പലർക്കും ഉണ്ടാകുന്നുണ്ട്. മലയാളികൾ പൊതുവേ സത്യസന്ധരും കടംകൊണ്ട പണം ഏതു വിധേനയും തിരിച്ചടയ്ക്കണമെന്ന് മനസുള്ളവരുമാണ്. അപ്പോഴും സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ട് അതിനു സാധിക്കാത്തവരും ധാരാളമുണ്ട്. തീരെ നിർദ്ധനരായ സമൂഹത്തിലെ താഴെ തട്ടിലുള്ളവരാണ് അവരിലധികവും. നിയമങ്ങളും ചട്ടങ്ങളും കുരുക്കുകളായി അത്തരക്കാരെയാണല്ലോ പലപ്പോഴും വരിഞ്ഞുമുറുക്കാറുള്ളത്.

ഇത്തരത്തിലൊരു ദൗർഭാഗ്യകരമായ അനുഭവമാണ് രണ്ടുദിവസം മുൻപ് നെടുമങ്ങാട്ട് ഒരു പാവപ്പെട്ട കുടുംബത്തിന് നേരിടേണ്ടിവന്നത്. നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പ എടുത്തിരുന്ന കന്യാകുളങ്ങര ഇടവിളാകത്തു വീട്ടിൽ വൈ. പ്രഭകുമാരിയും കുടുംബാംഗങ്ങളുമാണ് ജപ്തിയുടെ പേരിൽ രാത്രിയിൽ വീടിനു പുറത്താക്കപ്പെട്ടത്. കുടുംബത്തിന്റെ നിസ്സഹായത അറിഞ്ഞ് അർദ്ധരാത്രിയോടെ പൊലീസ് എത്തി അവരെ അടുത്തുള്ള വീട്ടിലേക്ക് മാറ്റുന്നതുവരെ വൃദ്ധമാതാവും,​ ഏണിയിൽ നിന്നു വീണ് കാലിനു പരിക്കുപറ്റി കഴിയുന്ന ഭർത്താവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബാങ്കുകാർ പൂട്ടി മുദ്രവച്ച വീടിനു പുറത്ത് ആലംബമില്ലാതെ കഴിയേണ്ടിവന്നു. വിവരമറിഞ്ഞ് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് വീട്ടുകാരെ അകത്തു പ്രവേശിപ്പിക്കുകയായിരുന്നു. മനുഷ്യത്വരഹിതമായ നടപടിയാണ് ബാങ്കിൽ നിന്നുണ്ടായതെന്ന മന്ത്രിയുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കാത്തവരായി ആരുമുണ്ടാകില്ല.

പ്രഭകുമാരിയെയും ഭർത്താവ് സജിമോനെയും പകൽ മുഴുവൻ ബാങ്കിലിരുത്തി,​ വൈകിട്ട് അവർ പോലും അറിയാതെയാണ് ബാങ്ക് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ബാങ്കിൽ നിന്ന് സന്ധ്യയോടെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീട് ജപ്തി ചെയ്ത വിവരം അറിയുന്നത്. ഇത്തരത്തിൽ വീട്ടുകാർ അറിയാതെ വൃദ്ധമാതാവ് ഉൾപ്പെടെയുള്ളവരെ പുറത്താക്കി ജപ്തി നടത്താൻ മാത്രം ഹൃദയശൂന്യരാണോ ഈ ബാങ്കുകാർ? വായ്പാ കുടിശ്ശികയുടെ പേരിൽ സംസ്ഥാനത്ത് ഒരു വീട്ടുകാരെയും ജപ്തിയുടെ പേരിൽ ഇറക്കി വിടരുതെന്നാണ് സർക്കാർ നിലപാട്. നിയമസഭയിൽ വരെ വ്യക്തമാക്കപ്പെട്ടിട്ടുള്ള കാര്യമാണത്. നെടുമങ്ങാട്ടെ അർബൻ ബാങ്ക് കോൺഗ്രസ് ഭരണത്തിലുള്ളതായതുകൊണ്ടാണോ ഈ രണ്ടുംകെട്ട നടപടിക്കു തുനിഞ്ഞതെന്ന് നിശ്ചയമില്ല. ഭരണമുന്നണി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ഇതുപോലുള്ള ജപ്തി നടന്നാൽ ഓടിയെത്തി പ്രതിഷേധത്തിനു മുതിരുന്ന കോൺഗ്രസ് നേതാക്കൾ നെടുമങ്ങാട്ടെ ജപ്തിയുടെ കാര്യത്തിൽ എന്താണ് പറയുന്നതെന്നറിയാൻ ജനങ്ങൾക്ക് താത്‌പര്യമുണ്ടാകും.

നിക്ഷേപകരുടെ പണം ആസൂത്രിതമായി അടിച്ചുമാറ്റി സഹകരണ പ്രസ്ഥാനത്തെ തകർക്കുകയും ജനവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിൽ ഭരണ,​ പ്രതിപക്ഷങ്ങൾ ഒരുപോലെ മത്സരിക്കുന്ന കാഴ്ചയാണ് ഇന്നു കാണാൻ കഴിയുന്നത്. അതിന്റെ കൂട്ടത്തിലാണ് ചെറിയ തുകയുടെ കുടിശ്ശികയ്ക്ക് കിടപ്പാടം ജപ്തി ചെയ്യുന്ന അന്തക്കരണമില്ലാത്ത നടപടികൾ. ഭരണസമിതിക്കാരും ജീവനക്കാരും ചേർന്ന് നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ വകമാറ്റിയ സംഭവങ്ങൾ പല ബാങ്കിലും നടക്കുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് ഇത്തരത്തിലുള്ള കൊള്ളകൾ നടക്കുമ്പോൾ മറുഭാഗത്ത് വായ്പാ കുടിശ്ശികയുടെ പേരിൽ പാവങ്ങളെ വഴിയാധാരമാക്കുന്ന നടപടികളും തിരുതകൃതിയായി അരങ്ങേറുന്നു. വല്ലാത്ത വിധിവൈപരീത്യമെന്നല്ലാതെ എന്തു പറയാനാണ്.