
മലയിൻകീഴ്: തലസ്ഥാനത്തെ മൂടിയില്ലാത്ത ഓടകളിൽ വീണുള്ള മരണങ്ങൾ തുടരുന്നു. തച്ചോട്ടുകാവ് പ്രണവം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എസ്. വിദ്യാധരനാണ് (70, എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥൻ) മരിച്ചത്. കാട്ടാക്കട മഠത്തിക്കോണം സ്വദേശിയാണ്. തച്ചോട്ടുകാവ് - മലയിൻകീഴ് റോഡിൽ തച്ചോട്ടുകാവിന് സമീപം മൂഴിനടയിലെ ഓടയിലായിരുന്നു അപകടം. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥയെ രണ്ട് മാസം മുമ്പ് ശ്രീകാര്യത്തെ മൂടിയില്ലാത്ത ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഓടയ്‌ക്ക് സമീപത്തെ ചെടിക്കടയിലെ ജീവനക്കാരനാണ് ഇന്നലെ രാവിലെ ഒമ്പതിന് വിദ്യാധരന്റെ മൃതദേഹം കണ്ടത്. ഉടൻ മലയിൻകീഴ് പൊലീസിൽ വിവരമറിയിച്ചു. നാട്ടുകാരും സമീപവാസികൾക്കുമൊപ്പം സ്ഥലത്തെത്തിയ മകൻ വിഷ്ണുവാണ് വിദ്യാധരനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി ഏഴിന് തച്ചോട്ടുകാവ് ജംഗ്ഷനിൽ വിദ്യാധരനെ കണ്ടവരുണ്ട്. കാൽ വഴുതി ഓടയിൽ വീണതാണെന്നാണ് നിഗമനം.
 നെറ്റിയുടെ വലത്തുഭാഗത്ത് മുറിവ്
മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. നെറ്റിയുടെ വലത്തുഭാഗത്ത് മുറിലുണ്ട്. തല ഇടിച്ചുള്ള വീഴ്ചയിൽ പരിക്കേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇന്നലെ ഉച്ചയ്‌ക്ക് 1.45 ഓടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സന്ധ്യ. മക്കൾ: വിദ്യ, വിഷ്ണു. മരുമക്കൾ: സുധികുമാർ, നന്ദന. തിരുവനന്തപുരം - കാട്ടാക്കട റോഡിൽ പ്രധാന ജംഗ്ഷനിലെ ഓടയ്‌ക്ക് പോലും സ്ലാബിട്ടിട്ടില്ല. ഇതേത്തുടർന്ന് ഇവിടെ അപകടങ്ങളും പതിവാണ്.