
തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ കലവറയിലേക്കാവശ്യമായ വിഭവസമാഹരണത്തിന്റെ ജില്ലാതലഉദ്‌ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ജില്ലയിലെ സ്കൂൾവിദ്യാർത്ഥികളിൽ നിന്നാണ് വിഭവങ്ങൾ ശേഖരിക്കുന്നത്. തേങ്ങ,അരി,പഞ്ചസാര,പയർ,പരിപ്പ്,വെളിച്ചെണ്ണ,നെയ്യ്,പച്ചക്കറികൾ,കുരുമുളക്,അട,റവ,ഉഴുന്ന് തുടങ്ങി നാൽപ്പത് വിഭവങ്ങളാണ് ശേഖരിക്കുന്നത്.വിഭവസമാഹരണം നിർബന്ധിതമോ അളവ് നിശ്ചയിച്ചിട്ടുള്ളതോ അല്ല.കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കലാണ് ലക്ഷ്യം.ഇന്നലെയും ഇന്നുമായി സമാഹരണം പൂർത്തിയാകും.
കോട്ടൺഹിൽ സ്‌കൂളിൽ ഇന്നലെ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ഭക്ഷണകമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ഭക്ഷണകമ്മിറ്റി കൺവീനർ എ.നജീബ് സ്വാഗതം പറഞ്ഞു.
ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബദറുന്നിസ എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി ഡയറക്ടർ സുബിൻപോൾ, തിരുവനന്തപുരം ഡി.ഇ.ഒ ആർ.ബിജു എന്നിവർ പങ്കെടുത്തു.
മന്ത്രി ജി.ആർ.അനിൽ
വിഭവങ്ങൾ ഏറ്റുവാങ്ങും
സ്കൂളുകളിൽനിന്ന് 12 ബി.ആർ.സികളിലെത്തിക്കുന്ന വിഭവങ്ങൾ രണ്ടാംതീയതി വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങും.3ന് രാവിലെ 10.30ന് പാലുകാച്ചൽ ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 11.30ന് ഭക്ഷണകമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.യുടെ വക പായസവിതരണം ഉണ്ടായിരിക്കും. രണ്ട് മണിക്ക് കലവറ നിറയ്ക്കൽ ആരംഭിക്കും. സന്നദ്ധസംഘടനകൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ എന്നിവർ നൽകുന്ന വിഭവങ്ങൾ വിശിഷ്ടാതിഥികൾ ഏറ്റുവാങ്ങും.
നൂറംഗ ടീമുമായി പഴയിടം
കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി എത്തുന്നത് നൂറംഗ ടീമുമായി.പാചകപ്പുരയ്ക്ക് ഒഴിവില്ലാത്തതിനാൽ ഷിഫ്റ്റ് അനുസരിച്ചായിരിക്കും ജോലി. ഗ്യാസ് അടുപ്പിലാണ് പാചകം. ദിവസം അനുസരിച്ച് ഉച്ചയ്ക്ക് വിഭവങ്ങളിൽ മാറ്റമുണ്ടാകും.അഞ്ചുദിവസം അഞ്ചുതരം പായസമാണ്.അത്താഴത്തിന് പായസമൊഴികെ ഉച്ചയൂണിന്റെ എല്ലാ വിഭവങ്ങളുമുണ്ടാവും.അത്താഴത്തിന്റെ വിഭവങ്ങൾ പ്രത്യേകം തയാറാക്കി ചൂടോടെ വിളമ്പുമെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ എ.നജീബ് അറിയിച്ചു.