
പാലോട്: വീടിന്റെ മേൽകൂരപൊളിച്ച് അകത്തുകയറിയ കുരങ്ങന്മാർ പാകംചെയ്ത ഭക്ഷണമെല്ലാം തിന്നുതീർത്തു, ബാക്കിവന്നവ നിലത്തെറിഞ്ഞ് നശിപ്പിച്ചു. പാലോട് ജവഹര്‍ കോളനി ലക്ഷം വീട് കോളനിയില്‍ ശ്രീലതയുടെ വീട്ടിലാണ് 25ലധികം കുരങ്ങുകള്‍ സ്വര്യവിഹാരം നടത്തിയത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പലവ്യഞ്ജനങ്ങളും പാത്രങ്ങളും തള്ളിയിട്ടും  അരി വാരി എറിഞ്ഞും നശിപ്പിച്ചു. തുണികള്‍ മുഴുവന്‍ കടിച്ചു കീറി. ശ്രീലത പാലോട്ടെ കടയിലെ ജീവനക്കാരിയാണ്.
30 മുതല്‍ 50 വരെ കുരങ്ങുകളാണ് കൂട്ടമായി എത്തി ആക്രമണം നടത്തുന്നത്. ഈ കൂട്ടം സ്ഥിരമായി പ്രദേശത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി. സമീപത്തെ ജവഹര്‍ കോളനി ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും ഈ കുരങ്ങുകള്‍ ഭീഷണിയാണ്.
മൂന്നുമാസം മുമ്പ് കുരങ്ങന്മാരുടെ ആക്രമണമുണ്ടായപ്പോള്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നത്. കൂടുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളും കണ്ടെത്തി. എന്നാൽ കൂടുകൾമാത്രം എത്തിയില്ല. നിലവിൽ ഫലവൃക്ഷങ്ങളിൽ നിന്നും ഒന്നും കിട്ടാറില്ല. ചക്കയും മാങ്ങയും തേങ്ങയുമെല്ലാം കുരങ്ങന്മാരാണ് വിളവെടുക്കുന്നത്. ചിപ്പന്‍ചിറ, ജവഹര്‍ കോളനി, ഇരുമ്പുപാലം തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷം. മുമ്പ് ഇവിടെ കുരങ്ങന്മാരെ കൂട്ടത്തോടെ വിഷം വെച്ചു കൊന്നത് വലിയ വിവാദമായിരുന്നു.