stage

തിരുവനന്തപുരം: നാല് വകുപ്പുകളിൽ നിന്നുള്ള അഞ്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണെങ്കിലും, വി.ഐ.പികൾക്കുള്ള സ്റ്റേജുകൾ തോന്നിയപടിയാണ് നിർമ്മിക്കുന്നത്. മുഖ്യമന്ത്രി, ഗവർണർ എന്നിവരുടെ പരിപാടികൾക്ക് മാത്രമാണ് എല്ലാ ക്ലിയറൻസും ഉറപ്പാക്കുന്നത്. സ്വകാര്യപരിപാടികൾ മരാമത്ത്, ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊലീസ് വകുപ്പുകൾ അറിയാറേയില്ല.

സംഘാടകരുടെ പിടിപാടിൽ എല്ലാ അനുമതികളും ഒഴിവാക്കപ്പെടും.

1.മരാമത്തിന്റെ രണ്ടു രേഖ

# സ്റ്റേജ് നിർമ്മാണത്തിലെ ഉറപ്പും സുരക്ഷാക്രമീകരണവും പരിശോധിച്ചുറപ്പിക്കേണ്ടത് മരാമത്ത് ബിൽഡിംഗ്സ് വിഭാഗമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പങ്കെടുക്കുന്ന ചടങ്ങുകൾ ഇവരെ അറിയിക്കേണ്ടതാണ്. പൊലീസ് വിവരമറിയിച്ചാൽ എക്സിക്യുട്ടീവ് എൻജിനിയർ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും. വി.ഐ.പികളുള്ള സർക്കാർ പരിപാടികളിൽ ഇത് നിർബന്ധമാണ്. കൊച്ചിയിലെ പരിപാടി ബിൽഡിംഗ്സ് വിഭാഗത്തെ അറിയിച്ചിരുന്നില്ല. പൊലീസ് ആവശ്യപ്പെടാതെ സ്വമേധയാ പരിശോധനയ്ക്ക് മരാമത്തിൽ സംവിധാനമില്ല.

ചടങ്ങിനുപയോഗിക്കുന്ന മൈക്ക്, സൗണ്ട് സിസ്റ്റം എന്നിവയെല്ലാം പരിശോധിച്ച് ക്ലിയറൻസ് നൽകേണ്ടത് മരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്.

2. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

സ്റ്റേജിലേക്കുള്ള വൈദ്യുതിവിതരണം സുരക്ഷിതമാണോ, എർത്തിംഗ് കൃത്യമാണോ, ജനറേറ്റർ സുരക്ഷിതമാണോ എന്നിവയെല്ലാം പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റാണ്. മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രത്തിലെ പ്രമുഖർ എന്നിവരുടെ പരിപാടികളിലേ ഇത് കൃത്യമായി നടക്കാറുള്ളൂ. ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടാലേ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും പരിശോധനയുള്ളൂ.

3. അഗ്നിശമനസേന

തീപിടിത്ത സാദ്ധ്യതയും അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യതയും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചുറപ്പിച്ചാണ് ഫയർഫോഴ്സ് എൻ.ഒ.സി നൽകുന്നത്. സ്വകാര്യപരിപാടികൾ ഫയർഫോഴ്സും അറിയാറില്ല.

4. പൊലീസ്

വിവിധ വകുപ്പുകളുടെ ക്ലിയറൻസ് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. രക്ഷാസംവിധാനങ്ങൾ, സി.സി.ടി.വി അടക്കം നിരീക്ഷണ സംവിധാനങ്ങൾ, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയെല്ലാം പൊലീസിന്റെ ചുമതലയാണ്. കൊച്ചിയിൽ മന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന, സുരക്ഷയില്ലാത്ത താത്കാലിക സ്റ്റേജ് പൊലീസിനെ കബളിപ്പിച്ച് താത്കാലികമായി തട്ടിക്കൂട്ടുകയായിരുന്നു.

ഗുരുതര വീഴ്ചകൾ

# രണ്ടുമീറ്ററിലേറെ ഉയരമുള്ള സ്റ്റേജുകളുടെ വശങ്ങളിൽ 1.2മീറ്റർ പൊക്കമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതാണ്. റിബൺ മാത്രമാണ് ഉണ്ടായിരുന്നത്.

# സ്റ്റേജിന്റെ വക്കിനോട് ചേർന്ന് ഒരുവരി കസേരയിട്ടു. ഒരാൾക്ക് നടന്നുപോകാവുന്ന സ്ഥലത്താണ് ഒരുവരി കൂടിയിട്ടത്.

# പന്ത്രണ്ടായിരം പേർ പങ്കെടുത്ത ചടങ്ങിൽ, സ്റ്റേഡിയത്തിലെ ആംബുലൻസ് മാത്രമാണുണ്ടായിരുന്നത്. ഡോക്ടർമാരില്ല.

# സ്റ്റേഡിയത്തിലെ ഒന്നാംനിരയിലെ കസേരകൾക്ക് മുകളിൽ കമ്പികൾ ഉറപ്പിച്ചശേഷം പലകയിട്ടാണ് താത്കാലിക സ്റ്റേജ് തട്ടിക്കൂട്ടിയത്.

''സ്വകാര്യപരിപാടികൾ ഫയർഫോഴ്സിനെ അറിയിക്കാറില്ല. അറിയിക്കുന്നവയിൽ സുരക്ഷാപരിശോധന നടത്തുന്നുണ്ട്.''

-കെ.പദ്മകുമാർ

ഫയർഫോഴ്സ് മേധാവി